KeralaNews

വിദ്വേഷ മുദ്രാവാക്യം : കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

ആലപ്പുഴ: വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ കുട്ടിയുടെ പിതാവ് അടക്കം നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ആലപ്പുഴ സൗത്ത് പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ആലപ്പുഴ പോപ്പുലർ ഫ്രണ്ട് റാലിയിൽ വിദ്വേഷ മുദ്രാവാക്യം മുഴക്കിയ സംഭവത്തിലാണ് അറസ്റ്റ്.  

കുട്ടിയുടെ പിതാവ് അഷ്കർ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പള്ളുരുത്തി ഡിവിഷൻ ഭാരവാഹികളായ ഷമീർ, സുധീർ, മരട് ഡിവിഷൻ സെക്രട്ടറി നിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരെ നാളെ മജിസ്ട്രേറ്റിൻ്റെ മുന്നിൽ ഹാജരാക്കും.  

കൊച്ചി തോപ്പുംപടി പള്ളുരുത്തിയിലെ വീട്ടിലെത്തിയാണ് വിദ്വേഷ മുദ്രാവാക്യം മുഴക്കിയ കുട്ടിയുടെ പിതാവ് അസ്ക്കർ മുസാഫറിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മുദ്രാവാക്യം ആരും പഠിപ്പിച്ചതല്ലെന്നും പരിപാടികളിൽ പങ്കെടുത്തപ്പോൾ കേട്ട് പഠിച്ചതാണെന്നുമാണ് പത്ത് വയസുകാരൻ പറയുന്നത്. 

ആലപ്പുഴയിൽ എസ്ഡിപിഐ പ്രകടനത്തിനിടെ നടത്തിയ വിദ്വേഷ മുദ്രാവാക്യം വിളിച്ച പത്ത് വയസുകാരനും രക്ഷിതാക്കളും ഇന്ന് രാവിലെയാണ് പള്ളുരുത്തിയിലെ വീട്ടിൽ എത്തിയത്.പോപ്പുലർ ഫ്രണ്ട് പ്രവ‍ർത്തകരെ അറസ്റ്റ് ചെയ്തിട്ടും പത്ത് വയസുകാരനിലേക്ക് എത്താൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. വീട്ടിലെത്തിയ ഉടൻ അസ്ക്കർ മുസാഫിർ മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു.  

മാധ്യമങ്ങളിൽ വാർത്ത വന്ന പിന്നാലെ പള്ളുരുത്തി പൊലീസ് വീട്ടിലെത്തി അസ്ക്കറിനെ കസ്റ്റഡിയിൽ എടുത്തു. സ്റ്റേഷനിൽ എത്തിച്ച ശേഷം ചേർത്തല പൊലീസിന് അസ്ക്കറിനെ കൈമാറി. അസ്ക്കർ കീഴടങ്ങിയെന്ന് പിഎഫ്ഐ പ്രവർത്തകർ പറയുമ്പോൾ പിടികൂടിയെന്നാണ് പൊലീസ് ഭാഷ്യം. അസ്ക്കറിന്‍റെ കസ്റ്റഡിയിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട്ഓഫ് ഇന്ത്യ പ്രവർത്തകർ പള്ളുരുത്തിയിൽ പ്രകടനം നടത്തിയിരുന്നു. 

അതേസമയം  ആലപ്പുഴയിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് തെറ്റാണെന്ന് ആ കുട്ടിയുടെ രക്ഷിതാക്കൾ പറയാതിരുന്നത് വേദനിപ്പിച്ചു എന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. വിദ്വേഷ മുദ്രാവാക്യത്തിൽ സർക്കാർ നിയമപരമായി ചെയ്യേണ്ടത് ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. 
 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button