ലക്‌നോ:ഹത്രാസില്‍ ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ പ്രതി സന്ദീപ് ഠാക്കൂര്‍.കൊല്ലപ്പെട്ട പെണ്‍കുട്ടിയും താനും തമ്മില്‍ സൗഹൃദമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ പെണ്‍കുട്ടിയെ ബന്ധുക്കള്‍ ഉപദ്രവിച്ചുവെന്നും സന്ദീപ് വ്യക്തമാക്കി.
ജയിലില്‍ നിന്നും യുപി പൊലീസിന് എഴുതിയ കത്തിലാണ് സന്ദീപ് ഇക്കാര്യം വ്യക്തമാക്കിയത്. കുറ്റാരോപിതരായ തങ്ങള്‍ നാല് പേരും നിരപരാധികളാണെന്നും സന്ദീപ് ചൂണ്ടിക്കാട്ടി.
പെണ്‍കുട്ടിയും താനും കാണുകയും ഫോണില്‍ സംസാരിക്കുകയും ചെയ്യുമായിരുന്നു. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് ഇത് ഇഷ്ടമല്ലായിരുന്നു. സംഭവം നടന്ന ദിവസം വയലില്‍ വച്ച് തങ്ങള്‍ കണ്ടിരുന്നു. എന്നാല്‍ അവിടെ പെണ്‍കുട്ടിയുടെ അമ്മയും സഹോദരനുമുണ്ടായിരുന്നു. അവള്‍ ആവശ്യപ്പെട്ടത് പ്രകാരം ഞാന്‍ അവിടെ നിന്നും വീട്ടിലേക്കു പോയി.
പിന്നീട് ഞങ്ങളുടെ സൗഹൃദത്തിന്റെ പേരില്‍ അവളെ അമ്മയും സഹോദരനും ക്രൂരമായി മര്‍ദിച്ചുവെന്ന് താന്‍ ഗ്രാമവാസികളില്‍ നിന്നും അറിഞ്ഞു. എന്നാല്‍ ഞാനും സുഹൃത്തുക്കളുമാണ് ഇത് ചെയ്തതെന്ന് പറഞ്ഞ് പെണ്‍കുട്ടിയുടെ അമ്മയും സോഹദരനും ആരോപിച്ചതിന്റെ പേരില്‍ ഞങ്ങള്‍ ജയിലിലായി. ഈ കേസ് കൃത്യമായി അന്വേഷിക്കണമെന്നും ഞങ്ങള്‍ക്ക് നീതി ലഭിക്കണമെന്നും കത്തില്‍ പറയുന്നു.
എന്നാല്‍ ഇയാളുടെ വെളിപ്പെടുത്തല്‍ പെണ്‍കുട്ടിയുടെ പിതാവ് തള്ളിക്കളഞ്ഞിരിക്കുകയാണ്. ആരോപണങ്ങളെല്ലാം വ്യാജമാണെന്നും തങ്ങള്‍ക്ക് നഷ്ടപരിഹാരമല്ല നീതിയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.