ഒരോവറിൽ അടിച്ചുകൂട്ടിയത് 34 റൺസ്; 68 പന്തില്‍ സെഞ്ച്വറി; വിജയ് ഹസാരെയിൽ തകര്‍പ്പന്‍ ബാറ്റിങുമായി ഹാർദിക് പാണ്ഡ്യ

ഒരോവറിൽ അടിച്ചുകൂട്ടിയത് 34 റൺസ്; 68 പന്തില്‍ സെഞ്ച്വറി; വിജയ് ഹസാരെയിൽ വെടിക്കെട്ട് ബാറ്റിങുമായി ഹാർദിക് പാണ്ഡ്യ

രാജ്‌കോട്ട്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ തകർപ്പൻ സെഞ്ച്വറിയുമായി ബറോഡ താരം ഹാർദിക് പാണ്ഡ്യ. വിദർഭയ്‌ക്കെതിരെ രാജ്‌കോട്ടിൽ നടന്ന മത്സരത്തിൽ 68 പന്തിൽ നിന്നായിരുന്നു 32 വയസ്സുകാരനായ ഇന്ത്യൻ ഓൾറൗണ്ടറുടെ സെഞ്ച്വറി. മത്സരത്തിൽ 92 പന്തിൽ 133 റൺസ് അടിച്ചുകൂട്ടിയ പാണ്ഡ്യ, ഒരൊറ്റ ഓവറിൽ 34 റൺസ് നേടി ശ്രദ്ധേയമായ പ്രകടനവും കാഴ്ചവെച്ചു. 11 സിക്സറുകളും എട്ട് ഫോറുകളും അടങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ മിന്നുന്ന ഇന്നിംഗ്സ്.

വിദർഭയുടെ ബൗളിങ്ങിന് മുന്നിൽ 71 റൺസിന് അഞ്ചു വിക്കറ്റ് നഷ്ടപ്പെട്ട് ബറോഡ പതറി നിൽക്കുമ്പോഴായിരുന്നു ഹാർദിക് ക്രീസിലെത്തിയത്. തുടക്കത്തിൽ ശ്രദ്ധയോടെ ബാറ്റ് വീശിയ ഹാർദിക്, ഇന്നിംഗ്‌സ് കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. മത്സരത്തിലെ 39-ാം ഓവറിലാണ് ഹാർദിക് പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനം കണ്ടത്.

വിദർഭ സ്പിന്നർ പാർഥ് രേഖഡെ എറിഞ്ഞ ഈ ഓവറിൽ ഹാർദിക് ആദ്യ അഞ്ചു പന്തുകളും സിക്‌സറിന് പറത്തി. അവസാന പന്തിൽ ബൗണ്ടറിയും നേടിയതോടെ ഒരൊറ്റ ഓവറിൽ 34 റൺസ് നേടാൻ അദ്ദേഹത്തിന് സാധിച്ചു (6,6,6,6,6,4). ഈ ഓവറിന് മുൻപ് 62 പന്തിൽ 66 റൺസ് എന്ന നിലയിലായിരുന്ന പാണ്ഡ്യ, ഈ പ്രകടനത്തോടെ ലിസ്റ്റ് എ ക്രിക്കറ്റിലെ തന്റെ കന്നി സെഞ്ച്വറിയും പൂർത്തിയാക്കി.

ഹാർദിക്കിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ ബറോഡ നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തു. ഹാർദിക്കിനെ കൂടാതെ 17 പന്തിൽ 26 റൺസ് നേടിയ വിഷ്ണു സോളങ്കിയാണ് ബറോഡയുടെ ടോപ് സ്കോറർമാരിൽ രണ്ടാമത്. വിദർഭയ്ക്കായി യാഷ് താക്കൂർ നാല് വിക്കറ്റുകൾ വീഴ്ത്തി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News