കൊച്ചി: കതൃക്കടവിലുള്ള ആയുർ സ്പർശം എന്ന പേരുള്ള സ്പായിൽ തെറാപ്പിസ്റ്റായ യുവതിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെയും യുവതിയെ അസഭ്യം പറഞ്ഞ രണ്ട് വനിതാ ജീവനക്കാരെയും അറസ്റ്റ് ചെയ്തു. മഞ്ചേരി കടമ്പേട് കൊളിക്കൽ വീട്ടിൽ മുഹമ്മദ് ഷക്കീർ (52) ആണ് പിടിയിലായത്. 11-ന് വൈകീട്ട് 5.30-നാണ് സംഭവം. സ്പായിലെത്തിയ പ്രതി തെറാപ്പിസ്റ്റായ യുവതിയുടെ നഗ്ന ഫോട്ടോകൾ എടുക്കുകയും ചെയ്തെന്നാണ് പരാതി.
പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുകയും പരാതിക്കാരിയെ അസഭ്യം പറയുകയും ചെയ്ത സ്ഥാപനത്തിലെ ജീവനക്കാരായ വയനാട് വെള്ളമുണ്ട സ്വദേശി നീതു ജെയിംസ് (27), തൃശ്ശൂർ കുന്നുകാട് പ്ലംകലമുക്ക് വീട്ടിൽ ഗീതു (25) എന്നിവരെയും അറസ്റ്റ് ചെയ്തു. എറണാകുളം ടൗൺ നോർത്ത് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാരായ രതീഷ് ടി.എസ്., ദർശക്, ആഷിക്, എ.എസ്.ഐ. മേരി ഷൈനി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കൊച്ചി നഗരത്തിലെ 83 ആയുർവേദ മസാജ് പാർലറുകളിലും സ്‌പാകളിലും പൊലീസ് നടത്തിയ പരിശോധനയിൽ മൂന്നുപേർ അറസ്റ്റിലായി. കടവന്ത്രയിലെ വജ്ര ബ്യൂട്ടിപാർലർ ആൻഡ് സ്പായ്‌ക്കെതിരെ അനാശാസ്യ പ്രവർത്തനത്തിനും പാലാരിവട്ടത്തെ എസൻഷ്യൽ ബോഡി കെയർ ആൻഡ് ബ്യൂട്ടി സ്‌പാ നടത്തിപ്പുകാരനെതിരെ മയക്കുമരുന്ന് കൈവശംവച്ചതിനും കേസെടുത്തു. രണ്ട് സ്ഥാപനങ്ങളും അടപ്പിച്ചു.
പാലാരിവട്ടം ജംഗ്ഷനിലെ എസൻഷ്യൽ സ്പാ ഉടമ മലപ്പുറം സ്വദേശി മുഹമ്മദ് അർഷാദാണ് (25) അറസ്റ്റിലായത്. ഇവിടെനിന്ന് എം.ഡി.എം.എ കണ്ടെടുത്തു. കടവന്ത്ര ജവഹർനഗറിലെ വജ്ര സ്പായിൽ അനാശാസ്യവുമായി ബന്ധപ്പെട്ട് തലയോലപ്പറമ്പ് സ്വദേശി സോജൻ (31), കാഞ്ഞിരമറ്റം സ്വദേശി ജീന (34) എന്നിവർ അറസ്റ്റിലായി.
ഡി.സി.പി എസ്. ശശിധരന്റെ നേതൃത്വത്തിലായിരുന്ന പരിശോധന. പരിശോധന തുടരുമെന്ന് പൊലീസ് കമ്മിഷണർ എസ്. അക്ബർ അറിയിച്ചു. സ്പാകളിലും മസാജ് പാർലറുകളിലും വ്യാപകമായി അനാശാസ്യവും മയക്കുമരുന്ന് കച്ചവടവും നടക്കുന്നുണ്ടെന്ന പരാതികളെ തുടർന്നായിരുന്നു നടപടി. ലൈസൻസില്ലാത്ത ഇത്തരം സ്ഥാപനങ്ങൾ പൂട്ടിക്കുമെന്ന് പൊലീസ് അറിയിച്ചു.