അവധിക്കാലമായതിനാല്‍ വന്‍ തിരക്ക്, റൈഡിനിടയില്‍ അപകടം,ഹാപ്പിലാന്‍ഡ് അപകടത്തില്‍ പരുക്കേറ്റവരുടെ ആരോഗ്യനിലയിങ്ങനെ, ദൃശ്യങ്ങള്‍ പുറത്ത്‌

തിരുവനന്തപുരം: വെമ്പായത്തുള്ള ഹാപ്പിലാൻഡ് അമ്യൂസ്‌മെന്റ് പാർക്കിൽ റൈഡിന്റെ വെൽഡിംഗ് പൊട്ടിവീണ് അപകടം. ഇന്ന് ഉച്ചയ്‌ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം. ജയന്റ് വീൽ ആണ് പൊട്ടി വീണത്. അപകടത്തിൽ കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റിട്ടുണ്ട്. മനോരതി (54), സീമണി (49), മാലിനി (49), ശ്യാം ഡാനിയേൽ (14), റോസ് (16) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെല്ലാം നാഗ‌ർകോവിൽ സ്വദേശികളാണ്.

ഇതിൽ ഒരു സ്‌ത്രീയുടെ പരിക്ക് ഗുരുതരമാണ്. ഇവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. മറ്റുള്ളവരുടെ പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് പൊലീസ് ‌അറിയിച്ചത്. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചിലർക്ക് പൊട്ടലുകൾ ഉണ്ടായിട്ടുണ്ടെന്നും വിവരമുണ്ട്. അവധിക്കാലമായതിനാൽ ഏറെ തിരക്കുള്ള സമയത്താണ് അപകടമുണ്ടായത്.

ജയന്റ് വീൽ പൊട്ടിയതോടെ അതിലുണ്ടായിരുന്നവരെല്ലാം താഴേക്ക് വീണു. റൈഡിന്റെ വയറും ഇരുമ്പ് കമ്പികളും പൊട്ടിക്കിടക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരേസമയം നിരവധി പേർക്ക് കയറാൻ സാധിക്കുന്ന റൈഡായതിനാൽത്തന്നെ വലിയ അപകടമാണ് തലനാരിഴയ്‌ക്ക് ഒഴിവായത്. അപകടവിവരമറിഞ്ഞ് വെഞ്ഞാറമൂട് പൊലീസും ഫയർഫോഴ്‌സും ആംബുലൻസും ഉടൻതന്നെ സ്ഥലത്തെത്തി.

കൃത്യമായ ഇടവെളകളിൽ റൈഡുകളുടെ ഫിറ്റ്‌നസ് പരിശോധനയും സുരക്ഷാ ഓഡിറ്റിംഗും നടത്താറുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാർക്ക് അധികൃതരുടെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്‌ചയോ അനാസ്ഥയോ ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News