ചെന്നൈ:ഒന്നിലേറെ ചിത്രങ്ങളുമായി തിരക്കിലാണ് തമിഴ് താരം ധനുഷ്. ക്യാപ്റ്റൻ മില്ലർ എന്ന ചിത്രത്തിന്റെ വിജയത്തിനുപിന്നാലെ താരത്തിന്റേതായി കൂടുതൽ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ ഒരു കുരുക്കിൽ അകപ്പെട്ടിരിക്കുകയാണ് അദ്ദേഹം. ഗതാഗത തടസമുണ്ടാക്കിയെന്നുപറഞ്ഞ് പോലീസ് ധനുഷിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് നിർത്തിവെപ്പിച്ചിരിക്കുകയാണ്.
ധനുഷിന്റെ തെലുങ്ക് അരങ്ങേറ്റചിത്രം എന്ന രീതിയിൽ ചർച്ചയായ ചിത്രമാണ് ശേഖർ കമ്മൂല സംവിധാനംചെയ്യുന്ന ഡി 51. ധനുഷിന്റെ 51-ാമത് ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം തിരുപ്പതിയിൽ നടക്കവേയാണ് പ്രശ്നം നടന്നത്. ധനുഷ് ഉൾപ്പെടുന്ന ഒരു മാർക്കറ്റ് രംഗമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. ഇതിന് സെറ്റൊരുക്കിയതാകട്ടെ ഏറെ തിരക്കനുഭവപ്പെടുന്ന റോഡിന് നടുവിലും. സ്വാഭാവികമായും ആളുകൂടുകയും ഗതാഗതതടസം ഉണ്ടാവുകയും ചെയ്തു.
തുടർന്ന് ചിലർ പരാതിയുമായി സമീപിച്ചതോടെ പോലീസ് എത്തി ഷൂട്ടിങ് നിർത്തിവെപ്പിക്കുകയായിരുന്നു. തിരുപ്പതിയിലെ ചിത്രീകരണത്തിനിടെയുള്ള ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. അതേസമയം ഈ ഭാഗത്ത് ചിത്രീകരണത്തിന് പോലീസിൽ നിന്ന് അണിയറപ്രവർത്തകർ അനുമതി നേടിയിരുന്നു. നേരത്തേ തിരുപ്പതി ക്ഷേത്രത്തിൽ ധനുഷ് സന്ദർശനം നടത്തിയിരുന്നു.
മുംബൈ ആണ് ചിത്രത്തിന്റെ അടുത്ത ലൊക്കേഷൻ. അക്കിനേനി നാഗാർജുനയാണ് ചിത്രത്തിൽ മറ്റൊരു പ്രധാനവേഷത്തിലെത്തുന്നത്. രശ്മിക മന്ദാനയാണ് നായിക. അതേസമയം ഡി. 50 എന്ന് താത്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിലും ധനുഷ് അഭിനയിക്കുന്നുണ്ട്. ധനുഷ് തന്നെയാണ് ഈ ചിത്രത്തിന്റെ സംവിധാനം. എസ്.ജെ. സൂര്യ, സുന്ദീപ് കിഷൻ, നിത്യാ മേനോൻ എന്നിവരാണ് ഈ ചിത്രത്തിലെ മറ്റഭിനേതാക്കൾ.