മുണ്ടക്കയം: മധുവിൻ്റെ മനക്കരുത്തിൽ അംഗപരിമിതികൾ പടിക്ക് പുറത്താണ്.പത്തനംതിട്ട, കോയിപ്രം, കുന്നം ഭാഗത്ത് ചിന്നു ഭവനിൽ ബി.മധു (42) വാണ് പൂർണ്ണമായും സ്വാധീനമില്ലാത്ത ഒരു കാലുമായി കിണർ നിർമ്മാണ തൊഴിൽ ചെയ്യുന്നത്.
അംഗ പരിമിതികൾ ഇല്ലാത്തവർക്ക് പോലും അപ്രാപ്യമായ തൊഴിൽ മേഖലയായ കിണർ നിർമ്മാണത്തിലാണ് മധു മാസ്റ്ററാവുന്നത്.പതിനേഴ് വർഷം മുൻപ് വരെ കൂലിവേല ചെയ്തിരുന്ന മധു അതിന് ശേഷമാണ് മനക്കരുത്തിൻ്റെ ബലം വേണ്ട പുതിയ തൊഴിൽ മേഖല സ്വയം കണ്ടെത്തിയത്.
പത്തനംതിട്ട, കോട്ടയം ജില്ലകളിലായി നാൽപ്പത്തി രണ്ടോളം കിണറുകളാണ് മധുവിൻ്റെ മേൽനോട്ടത്തിൽ പൂർത്തീകരിച്ചത്. സ്വന്തം വീടിന് സമീപത്ത് നാൽപ്പത്തിമൂന്ന് അടി താഴ്ചയിൽ നിർമ്മിച്ച കിണറാണ് മധു നിർമ്മിച്ചതിൽ ഏറ്റവും ആഴമുള്ള കിണർ.
പാറ അധികമുള്ള കിണറുകളിലെ നിർമ്മാണമാണ് ഏറെ ദുഷ്ക്കരം. പാറ പൊട്ടിക്കുവാൻ സ്ഫോടകവസ്തുക്കൾ നിറച്ച ശേഷം തിരിക്ക് തീകൊളുത്തി മുകളിലെത്തുക എന്നതിൻ്റെ സമയ ക്ലിപ്തതയാണ് കിണറു പണിക്കാരൻ്റെ മിടുക്ക് തെളി യിക്കുന്നത്. മുകളിലെത്തിയ ശേഷം മുകൾവശം മൂടുകയാണ് പതിവ്. ഇവിടെ കണക്ക് തെറ്റിയാൽ എല്ലാം പ്രശ്നമാവും.
മുണ്ടക്കയം, ഏന്തയാർ കുറ്റിയിൽ വീട്ടിൽ ഷൈജു ആൻറണിയുടെ കിണർ നിർമ്മാണത്തിലാണ് മധുവിപ്പോൾ.
പമ്പയാറിൻ്റെ തീരത്തുള്ള മധു വിൻ്റെ വീട്ടിൽ മഴക്കാലത്ത് വെള്ളം കയറുക പതിവാണ്. പ്രളയകാലത്ത് വീട് മുഴുവനായി വെള്ളത്തിനടിയിലായിരുന്നു. ശാരീരിക വൈഷമ്യങ്ങൾ മൂലം ഇവിടെ നിന്നും മാറി താമസിക്കുവാൻ ആഗ്രഹമുണ്ടങ്കിലും പണം ഒരു വിലങ്ങ് തടിയാണന്ന് മധു പറയുന്നു. അല്പം കൂലി കുടുതൽ കിട്ടുന്നതിനാലാണ് കിണർ ജോലിയിൽ തുടരുന്നത്.
ഭാര്യ ശോഭയ്ക്ക് ജന്മനാ തന്നെ ഇരുകാലുകൾക്കും സ്വാധീനമില്ല. ഏകമകൾ ചിന്നു കോഴഞ്ചേരി സെൻ്റ് തോമസ് കോളജിലെ ഡിഗ്രി വിദ്യാർത്ഥിയാണ്.