പത്തനംതിട്ട: ശബരിമലയില്‍ അരവണ പ്രസാദത്തിന് ഉപയോഗിക്കുന്നതിനായി എത്തിച്ചിരിക്കുന്നത് ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകള്‍. ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ശര്‍ക്കര വാങ്ങുന്നത് സ്വകാര്യ കമ്പനികളില്‍ നിന്നാണ്. ഹലാല്‍ മുദ്ര പതിപ്പിച്ച ശര്‍ക്കര പാക്കറ്റുകളാണ് പമ്പയിലും സന്നിധാനത്തുമുള്ള ഗോഡൗണുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. അരവണ പ്രസാദത്തിന് പുറമെ ഉണ്ണിയപ്പം ഉണ്ടാക്കാനും ഇതേ ശര്‍ക്കരയാണ് ഉപയോഗിക്കുന്നത്.
സ്വകാര്യ കമ്പനിക്കാണ് ശര്‍ക്കര എത്തിക്കുന്നതിനുള്ള ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം കരാര്‍ ഏറ്റെടുത്തിരുന്ന അതേ സ്വകാര്യ കമ്പനി തന്നെയാണ് ഈ വര്‍ഷവും ടെന്‍ഡര്‍ ഏറ്റെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഉപയോഗിക്കാതെ ബാക്കി വന്ന ഹലാല്‍ മുദ്ര പതിപ്പിച്ച പഴകിയ ശര്‍ക്കര ദേവസ്വം ബോര്‍ഡ് ലേലത്തിലൂടെ മറിച്ച് വിറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ പഴകിയ ശര്‍ക്കര മറിച്ചു വില്‍ക്കാതെ നശിപ്പിച്ചു കളയണമെന്നതാണ് നിയമം. കിലോയ്ക്ക് 36 രൂപയ്ക്ക് ദേവസ്വം ബോര്‍ഡ് വാങ്ങിയ ശര്‍ക്കര 16.30 രൂപയ്ക്കാണ് മറിച്ചു വിറ്റത്. ഹലാല്‍ ബോര്‍ഡുകള്‍ വിവാദമാകുന്ന സാഹചര്യത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തന്നെ അപ്പം-അരവണ പ്രസാദങ്ങള്‍ നിര്‍മ്മിക്കുന്നതിനായി ഹലാല്‍ ശര്‍ക്കര ഉപയോഗിക്കുന്നത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയരുന്നുണ്ട്.
ദേവസ്വം നടപടിക്കെതിരെ വിമര്‍ശനവമായി ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി.ശശികല ടീച്ചര്‍ രംഗത്ത് വന്നു. ഹലാല്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ച് പ്രസാദം നിര്‍മ്മിക്കുന്നത് ഭക്തരോടും ദേവനോടുമുള്ള വെല്ലുവിളിയാണെന്ന് ശശികല ടീച്ചര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ശശികല ടീച്ചറിന്റെ പ്രതികരണം.
‘കണ്ടവന്മാര്‍ തുപ്പിയത് ഭഗവാന് നേദിക്കുകയും ഭക്തന് പ്രസാദമായി നല്‍കുകയും ചെയ്ത ദേവസ്വം ബോര്‍ഡിനെ ഭക്തര്‍ അവിടുന്ന് തല്ലി ഇറക്കാത്തത് ഹിന്ദുവിന്റെ സഹിഷ്ണുത കാരണം’- ശശികല ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുതരമായ കുറ്റകൃത്യമാണിത്. ഈ കാര്യത്തെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ആ ശര്‍ക്കര അവിടെ ഉപയോഗിക്കുകയോ നേദിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതിനുള്ള പ്രായശ്ചിത്തം ചെയ്യണം. കാരണം അത് വിശ്വാസത്തെ ഹനിക്കുക എന്ന ഉദ്ദേശത്തോട് കൂടി മാത്രമാണ് ചെയ്തിരിക്കുന്നതെന്നും ശശികല പറഞ്ഞു.
ഭക്തിയോട് കൂടിയെത്തുന്ന തീര്‍ത്ഥാടകര്‍ക്കാണ് ഇത്തരത്തില്‍ ഹലാല്‍ ശര്‍ക്കര കൊണ്ട് ഉണ്ടാക്കിയ അപ്പവും അരവണയുമെല്ലാം നല്‍കുന്നത്. സര്‍ക്കാര്‍ സാമ്പത്തിക ലാഭം മാത്രമാണ് നോക്കുന്നത് എന്ന് വിശ്വസിക്കാന്‍ കഴിയില്ല. വിശ്വാസം നശിപ്പിക്കുക എന്ന ദുരുദ്ദേശം കൂടി ഇതിന് പിന്നിലുണ്ടെന്നാണ് കരുതുന്നത്. എന്താണ് ഹലാല്‍ എന്നും അതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുമെല്ലാം പൊതുസമൂഹത്തിന് ഇന്ന് അറിയാം. ഇത്രയധികം ചര്‍ച്ച ചെയ്യപ്പെട്ട വിഷയമായിട്ടും ഹലാല്‍ മുദ്ര തന്നെയുള്ള ശര്‍ക്കര വാങ്ങിച്ചു എന്നത് ഭക്തരോടുള്ള വെല്ലുവിളിയാണെന്നും ശശികല ടീച്ചര്‍ പറഞ്ഞു.