‘ബൗ… ബൗ… ബൗ’; വിവാദ പരാമര്‍ശത്തില്‍ കങ്കണക്കെതിരെ ട്രോള്‍ വീഡിയോയുമായി രാഖി സാവന്ത്
ന്യൂഡല്‍ഹി: ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമര്‍ശത്തില്‍ ട്രോള്‍ വീഡിയോയുമായി റിയാലിറ്റി ഷോ താരവും നടിയുമായ രാഖി സാവന്ത്. കങ്കണയുടെ വിവാദ അഭിമുഖം എഡിറ്റ് ചെയ്ത വീഡിയോയാണ് രാഖി പോസ്റ്റ് ചെയ്തിരിക്കുന്നത്. കങ്കണയുടെ ശബ്ദത്തിനു പകരം പട്ടി കുരയ്ക്കുന്ന ശബ്ദമാണ് വീഡിയോയില്‍ കൂട്ടിച്ചേര്‍ത്തത്. ദീദിയാണ് രാജ്യദ്രോഹി എന്ന് വീഡിയോയ്ക്കൊപ്പം രാഖി എഴുതുകയും ചെയ്തു.
വീഡിയോ പ്രചരിച്ചതോടെ രാഖി സവന്തിനെ അഭിനന്ദിച്ച് നിരവധി പേര്‍ രംഗത്തെത്തി. സ്വാതന്ത്ര്യ സമര നേതാക്കളെ അപമാനിച്ച കങ്കണ അര്‍ഹിക്കുന്ന മറുപടി ഇത് തന്നെയാണെന്ന് പലരും വീഡിയോക്ക് താഴെ മറുപടിയുമായി എത്തി. ഇത് അല്‍പം കടന്ന കയ്യായിപ്പോയെന്നും ചിലര്‍ കമന്റ് ചെയ്തു.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014 ലാണെന്ന പ്രസ്താവനയ്ക്ക് പിന്നാലെ കങ്കണ റണാവത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയരുന്നത്. ഒരു ദേശീയ മാധ്യമ ശൃംഖലയുടെ വാര്‍ഷിക ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കവേയായിരുന്നു കങ്കണ ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെക്കുറിച്ച് സംസാരിച്ചത്.
‘സവര്‍ക്കറിലേയ്ക്കും ലക്ഷ്മിഭായിയിലേയ്ക്കും നേതാജി ബോസിലേയ്ക്കും തിരിച്ചുവരാം. രക്തം ഒഴുകുമെന്ന് ഈ ആളുകള്‍ക്ക് അറിയാമായിരുന്നു, പക്ഷേ അത് ഹിന്ദുസ്ഥാനി രക്തമാകരുതെന്ന് ഉണ്ടായിരുന്നു. അവര്‍ക്കത് അറിയാമായിരുന്നു. അവര്‍ തീര്‍ച്ചയായും ഒരു സമ്മാനം നല്‍കി. അത് സ്വാതന്ത്ര്യമായിരുന്നില്ല, അത് ഭിക്ഷയായിരുന്നു. 2014ലാണ് നമുക്ക് യഥാര്‍ത്ഥ സ്വാതന്ത്ര്യം ലഭിച്ചത്,” എന്നായിരുന്നു കങ്കണയുടെ വാദം.
അതേസമയം, ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തെക്കുറിച്ചുള്ള തന്റെ പരാമര്‍ശം തെറ്റാണെന്ന് തെളിയിച്ചാല്‍ പത്മ പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുമെന്നും കങ്കണ പറഞ്ഞിരുന്നു.