കൊച്ചി:കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂർ എംപിയെ പിന്തുണച്ച് ഹൈബി ഈഡൻ എംപിയും. തരൂരിന്റെ ചിത്രം സമൂഹമാധ്യമത്തിൽ പങ്കുവച്ചാണ് ഹൈബി നിലപാട് വ്യക്തമാക്കിയത്. ലൗ ഇമോജികള്‍ക്കൊപ്പമാണ് തരൂരിന്റെ ചിത്രം ഹൈബി പങ്കുവച്ചത്. മുൻ എംഎൽഎ കെ.എസ്.ശബരീനാഥനും തരൂർ വിജയിക്കേണ്ട ആവശ്യകത അക്കമിട്ട് നിരത്തി രംഗത്തുവന്നു. ഹൈബി കൂടി എത്തിയതോടെ കേരളത്തിലെ കൂടുതൽ കോൺഗ്രസ് യുവനേതാക്കൾ തരൂരിന് പിന്തുണയായി വരുമെന്നും സൂചനയുണ്ട്.
കോൺഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുതിർന്ന നേതാവ് മല്ലികാർജുൻ ഖർഗെയെ പിന്തുണയ്ക്കുമെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ വ്യക്തമാക്കിയിരുന്നു. ഖർഗെയുടെ വിജയത്തിനായി പ്രവർത്തിക്കുമെന്നും അതാണ് തന്റെ മനസ്സാക്ഷിയെന്നും സതീശൻ പറഞ്ഞു. കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്കു വോട്ടു ചെയ്യണമെന്ന് നിർദേശിക്കില്ലെന്നാണ് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞത്. എഐസിസി അംഗങ്ങൾക്ക് വോട്ടവകാശം വിനിയോഗിക്കാം.വോട്ട് അവരവരുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ഖർഗെയും ശശി തരൂരും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ്. മത്സരിക്കാനായി ജാർഖണ്ഡ് മുൻ മന്ത്രി കെ.എൻ.ത്രിപാഠി സമർപ്പിച്ച പത്രിക തള്ളി. വ്യാഴാഴ്ച രാത്രി വൈകി കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചകളിലാണ് ഖർഗെയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. ഒരാൾക്ക് ഒരു പദവി എന്ന പാർട്ടി നയപ്രകാരം രാജ്യസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനം ഖർഗെ രാജിവച്ചു. ഖർഗെയുടെ പത്രികകളിലൊന്നിൽ ഒന്നാമതായി ഒപ്പിട്ടിരിക്കുന്നത് എ.കെ.ആന്റണിയാണ്.
കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി ശശി തരൂര്‍ എം.പി.ക്കുവേണ്ടി നല്‍കിയ നാമനിര്‍ദേശപത്രികയില്‍ ഒപ്പുവെച്ചവരില്‍ എട്ടുപേര്‍ കോഴിക്കോട് ജില്ലക്കാര്‍.
കണ്ണൂരുകാരനാണെങ്കിലും കോഴിക്കോട്ടുനിന്നുള്ള എം.പി.യായ എം.കെ. രാഘവന്‍, മുന്‍ ഡി.സി.സി. പ്രസിഡന്റ് കെ.സി. അബു, ഐ ഗ്രൂപ്പിലെ മുതിര്‍ന്നനേതാവ് എന്‍.കെ. അബ്ദുറഹ്‌മാന്‍, കെ. ബാലകൃഷ്ണന്‍കിടാവ്, കെ.എം. ഉമ്മര്‍, മഠത്തില്‍ നാണു, പി. രത്‌നവല്ലി, എ. അരവിന്ദന്‍ എന്നിവരാണ് ജില്ലയില്‍നിന്ന് ഒപ്പുവെച്ചവര്‍. തരൂരിന്റെ വിശ്വസ്തരായ രണ്ടുപേര്‍ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഈ നേതാക്കളെ കണ്ടാണ് ഒപ്പുവാങ്ങിച്ചത്.സംസ്ഥാനത്തുനിന്ന് തമ്പാനൂര്‍ രവി, കെ.സി. അബു, പി. മോഹന്‍രാജ് തുടങ്ങിയവരൊക്കെ തരൂരിന്റെ പത്രികയില്‍ ഒപ്പിട്ടിട്ടുണ്ട്.
കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ ആർക്ക് വോട്ടുചെയ്യണമെന്ന് നിർദേശിക്കില്ലെന്ന് കെപിസിസി. മത്സര രംഗത്തുള്ള മല്ലികാർജുൻ ഖർഗെയും ശശി തരൂരും പ്രബലരാണ്. യുക്തിക്കനുസരിച്ച് ആർക്കു വോട്ട് ചെയ്യണമെന്ന് തീരുമാനിക്കാമെന്നും കെപിസിസി അറിയിച്ചു.
ഹൈക്കമാൻഡിന്റെ പിന്തുണയോടെയാണ് മല്ലികാർജുൻ ഖർഗെ മത്സര രംഗത്തെത്തിയിരിക്കുന്നത്. ജി 23 നേതാക്കളുടെ പിന്തുണയും ഖർഗെ നേടിയിരുന്നു.