25.2 C
Kottayam
Sunday, May 19, 2024

‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറി,സംസ്ഥാനത്തും കനത്തമഴ,പ്രളയ ഭീഷണിയില്‍ കേരളവും

Must read

ഡല്‍ഹി ‘ഉംപുണ്‍’ അതിതീവ്ര ചുഴലിക്കാറ്റായി മാറിയെന്ന് കേന്ദ്ര കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡിഷയിലെ പാരാദ്വീപിന് 870 കിലോമീറ്റര്‍ തെക്കും പശ്ചിമബംഗാളിന്റെ ദിഖയുടെ 1110 കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറും ഭാഗത്തായാണ് ഇപ്പോള്‍ ചുഴലിക്കാറ്റുള്ളത്. ഇത് ബുധനാഴ്ചയോടെ ഇന്ത്യന്‍ തീരം തൊടുമെന്നാണ് കണക്കുകൂട്ടുന്നത്.

ഒഡിഷ, പശ്ചിമബംഗാള്‍ തീരങ്ങളില്‍ ശക്തിയായ മഴയും കാറ്റുമുണ്ടാകുമെന്നും, ഏതാണ്ട് 230 കിലോമീറ്റര്‍ ആണ് ഇപ്പോള്‍ ചുഴലിക്കാറ്റിന്റെ വേഗമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപസമൂഹങ്ങളിലും ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ കനത്ത മഴയും കാറ്റുമുണ്ടാകും.

അതേസമയം, കേരളത്തില്‍ ഇന്നും ശക്തമായ മഴ തുടരാന്‍ തന്നെയാണ് സാധ്യത. ഇന്നലെ രാത്രി തെക്കന്‍ ജില്ലകളില്‍ ഉള്‍പ്പടെ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു. ഇന്ന് ഒമ്പത് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും ലക്ഷദ്വീപിലും ഇന്ന് യെല്ലോ അലര്‍ട്ട് ആണ്.

ഒഡിഷയില്‍ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ പ്രത്യേകസംഘത്തെ നിയോഗിച്ചാണ് രക്ഷാദൗത്യത്തിനും മുന്നൊരുക്കങ്ങള്‍ക്കും മുഖ്യമന്ത്രി നവീന്‍ പട്‌നായിക് നേതൃത്വം നല്‍കുന്നത്. ”ഈ വര്‍ഷം കൊറോണവൈറസിന്റെ ഭീഷണി കൂടി നിലനില്‍ക്കുന്നതിനാല്‍ ആളുകളെ ഒരുകാരണവശാലും കൂട്ടത്തോടെ പാര്‍പ്പിക്കാനാകില്ല. സാമൂഹിക അകലം പാലിച്ച് ആളുകളെ താമസിപ്പിക്കാനാകുന്ന തരത്തില്‍ വലിയ താത്കാലിക രക്ഷാകേന്ദ്രങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. മിക്കവയും സ്‌കൂള്‍, കോളേജ് കെട്ടിടങ്ങളാണ്”, എന്ന് ഒഡിഷയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സ്‌പെഷ്യല്‍ ഓഫീസര്‍ പ്രദീപ് ജെന അറിയിച്ചു.

കൊവിഡ് പ്രതിസന്ധിക്കിടെ വന്ന ചുഴലിക്കാറ്റ് ഭീഷണിയില്‍ ജാഗ്രതയിലാണ് പശ്ചിമബംഗാളും ഒഡിഷയും. ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കണക്കുകൂട്ടപ്പെടുന്ന ജഗത് സിംഗ്പൂരില്‍, എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. നാളെയോടെ കടലോരമേഖലയിലെയും നഗരങ്ങളിലെ ചേരികളിലും താമസിക്കുന്ന എല്ലാവരെയും ഒഴിപ്പിക്കും.

ദേശീയ ദുരന്ത നിവാരണസേനയെ വിന്യസിച്ചതായും ജില്ലാ ഭരണകൂടം അറിയിക്കുന്നു. ജഗത് സിംഗ് പൂരിന് പുറമേ, ഒഡിഷയിലെ പുരി, കേന്ദ്രപാഡ, ബാലാസോര്‍, ജാപൂര്‍, ഭാദ്രക്, മയൂര്‍ഭാജ് എന്നിവിടങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. ബംഗ്ലാദേശിലും കാറ്റിന്റെ പ്രഭാവത്തില്‍ ശക്തമായ മഴയും കാറ്റുമുണ്ടാകും.

പശ്ചിമബംഗാളില്‍ നോര്‍ത്ത്, സൗത്ത് പര്‍ഗാനാസ്, കൊല്‍ക്കത്ത, ഈസ്റ്റ, വെസ്റ്റ് മിദ്‌നാപൂര്‍, ഹൗറ, ഹൂഗ്ലി എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week