ആലപ്പുഴ: ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ സിപിഎമ്മിനെ പ്രതിസന്ധിയിലാക്കി ആലപ്പുഴയിലെ നേതാക്കളുടെ തമ്മിലടി. ഏറ്റവും ഒടുവിൽ എച്ച് സലാം എംഎൽഎ മുൻ മന്ത്രി ജി സുധാകരനെതിരെ പരസ്യമായി രംഗത്തെത്തിയതോടെയാണ് കാര്യങ്ങൾ കൂടുതൽ വഷളായത്. സുധാകരനെ സലാം പൊളിറ്റിക്കൽ ക്രിമിനൽ എന്നാണ് വിശേഷിപ്പിച്ചത്.
എതിരാളിക്ക് ഗുണം ഉണ്ടാക്കുന്ന തരത്തില്‍ പ്രതികരിക്കുന്നതും ഒരു രാഷ്ട്രീയത്തില്‍ നിന്ന് കൊണ്ട് അതിനെതിരെ പ്രവര്‍ത്തിക്കുന്നതും പൊളിറ്റിക്കല്‍ ക്രിമിനലിസം ആണെന്നായിരുന്നു സലാമിന്റെ മറുപടി. സുധാകരൻ നടത്തിയ പൊളിറ്റിക്കൽ ക്രിമിനലിസം പ്രസ്താവനയ്ക്ക് മറുപടിയായാണ് എച്ച് സലാം കൂടുതൽ കടുത്ത ഭാഷയിൽ പ്രതികരിച്ചത്.
‘ഒരു കമ്മ്യുണിസ്റ്റ് പാര്‍ട്ടി അംഗം അച്ചടക്കം പാലിക്കുകയെന്നത് ഞാനുൾപ്പെടെ എല്ലാവര്ക്കും ബാധകമായ കാര്യമാണ്. നമ്മള് ഭാഗമാവുന്ന രാഷ്ട്രീയത്തിന് ദോഷകരമായി നില്ക്കുന്ന കാര്യങ്ങള്‍ ചെയ്താൽ ഞാനും പൊളിറ്റിക്കല്‍ ക്രിമിനലാകും. അത് ആരും ചെയ്യാൻ പാടില്ല’ എച്ച് സലാം പറയുന്നു.
‘ആലപ്പുഴയില്‍ തിരിച്ചടി നേരിടുന്നത് ഇത് ആദ്യമല്ല. തിരിച്ചടി നേരിട്ടപ്പോഴെല്ലാം അതിനെ അതിജീവിക്കാന്‍ പാര്‍ട്ടിക്കായിട്ടുണ്ട്. തന്നെ അവഗണിച്ചു എന്ന സുധാകരന്റെ വാദങ്ങള്‍ക്ക് അടിസ്ഥാനമില്ല. പാര്‍ട്ടി അംഗത്തിന് നിരക്കാത്ത പ്രതികരണങ്ങളാണ് സുധാകരനില്‍ നിന്നും പലപ്പോഴും ഉണ്ടാവുന്നത്.’ ഗൗരിയമ്മയെ പോലും സുധാകരനെ പരിഗണിച്ചത് പോലെ പരിഗണിച്ചിട്ടില്ലെന്നും സലാം ചൂണ്ടിക്കാട്ടി.
‘ജി സുധാകരന്റെ മോദി പ്രശംസ അത്ഭുതകരമാണ്. കാര്യങ്ങള്‍ മസിലാക്കാന്‍ സാധാരണയില്‍ കവിഞ്ഞ അറിവുള്ളയാളാണ് സുധാകരന്. സംസാരിക്കുമ്പോള്‍ പിഴവ് പറ്റുന്നയാളല്ല’ എച്ച് സലാം കൂട്ടിച്ചേർത്തു. ആലപ്പുഴയിലെ വിഭാഗീയതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പാർട്ടിയിലെ ഉന്നത സ്ഥാനത്തിരിക്കുന്ന രണ്ട് നേതാക്കൾ തമ്മിലെ പരസ്യപോര്.
കഴിഞ്ഞ ദിവസം സിപിഎം സംഘടിപ്പിച്ച ഒരു പരിപാടിയിൽ നിന്ന് ജി സുധാകരൻ ഇറങ്ങിപ്പോയത് വലിയ വിവാദമായിരുന്നു. ഹരിപ്പാട് നടന്ന സിബിസി വാര്യര്‍ സ്മൃതി പരിപാടിയിലാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. പത്ത് മണിക്ക് തുടങ്ങേണ്ട പരിപാടി പതിനൊന്ന് മണിയായിട്ടും തുടങ്ങാതായതോടെ സുധാകരൻ സംഘാടകരോട് കയർക്കുകയും പിന്നാലെ ഇറങ്ങിപ്പോവുകയും ചെയ്യുകയായിരുന്നു.
മന്ത്രി സജി ചെറിയാൻ ഉൾപ്പെടെ പങ്കെടുക്കുന്ന പരിപാടിയിൽ നിന്നാണ് സുധാകരൻ ഇറങ്ങിപ്പോയത്. സജി ചെറിയാന് പുറമെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം സിബി.ചന്ദ്രബാബു, കേന്ദ്ര കമ്മിറ്റിയംഗം സിഎസ് സുജാത, പാർട്ടി ജില്ലാ സെക്രട്ടറി നാസർ എന്നിവർ കൂടി പങ്കെടുക്കുന്ന പരിപാടിയായിരുന്നു ഇത്. സിപിഎം തന്നെയായിരുന്നു ഇതിന്റെ സംഘാടകർ.