വാരാണസി: കാശി വിശ്വനാഥക്ഷേത്രത്തിനടുത്തുള്ള ഗ്യാന്‍വാപി പള്ളിസമുച്ചയത്തില്‍ ശിവലിംഗം കണ്ടെത്തിയെന്ന് സര്‍വേ നടത്തിയ അഭിഭാഷകര്‍ അഭ്യൂഹം പരത്തിയത് പ്രകോപനപരമായെന്നും വികാരങ്ങള്‍ വ്രണപ്പെടുത്തിയെന്നും മസ്ജിദ് കമ്മിറ്റി വാരാണസി ജില്ലാകോടതിയില്‍ കുറ്റപ്പെടുത്തി.
പള്ളിയുടെ പടിഞ്ഞാറെ മതിലിനോടുചേര്‍ന്നുള്ള വിഗ്രഹങ്ങളില്‍ നിത്യാരാധന നടത്താന്‍ അഞ്ചുഹിന്ദുസ്ത്രീകള്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതാണോയെന്ന വിഷയം പരിഗണിക്കുകയായിരുന്നു കോടതി. മസ്ജിദ് കമ്മിറ്റിയുടെ വാദം പൂര്‍ത്തിയാകാത്തതിനാല്‍ മേയ് 30-ലേക്ക് മാറ്റി. നിത്യാരാധനയ്ക്കായുള്ള ഹര്‍ജി 1991-ലെ ആരാധനാലയ സംരക്ഷണനിയമമനുസരിച്ച് നിലനില്‍ക്കുന്നതല്ലെന്ന് മസ്ജിദ് കമ്മിറ്റി വാദിച്ചു. പള്ളിയുടെ അഞ്ചുനൂറ്റാണ്ടായുള്ള തത്സ്ഥിതി തുടരണമെന്നും ആവശ്യപ്പെട്ടു.
സിവില്‍കോടതി ഉത്തരവനുസരിച്ച് പള്ളിസമുച്ചയത്തിനകത്ത് അഭിഭാഷക കമ്മിഷന്റെ നേതൃത്വത്തില്‍ നടത്തിയ സര്‍വേയോടും വീഡിയോ ചിത്രീകരണത്തോടും എതിര്‍പ്പുണ്ടെങ്കില്‍ അതറിയിക്കാന്‍ ഹിന്ദു, മുസ്‌ലിം പക്ഷക്കാര്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിച്ചിട്ടുണ്ട്. അഭിഭാഷക കമ്മിഷന്റെ റിപ്പോര്‍ട്ട് ഇരുപക്ഷത്തിനും നല്‍കിയിട്ടുണ്ട്.
പള്ളിക്കകത്തെ കുളത്തില്‍ കണ്ടെത്തിയതായി പറയുന്ന ശിവലിംഗത്തില്‍ പൂജചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി സമര്‍പ്പിച്ച ഹര്‍ജി ജില്ലാകോടതി കഴിഞ്ഞദിവസം അതിവേഗകോടതിയിലേക്ക് മാറ്റിയിരുന്നു. അതിലും തിങ്കളാഴ്ച വാദംകേള്‍ക്കും.
മഥുര ഈദ്ഗാഹ് മസ്ജിദ്: വിശദവാദം ജൂലായ് ഒന്നുമുതല്‍
മഥുര: ഉത്തര്‍പ്രദേശിലെ മഥുര ഷാഹി ഈദ്ഗാഹ് മസ്ജിദ് ശ്രീകൃഷ്ണജന്മഭൂമിയിലാണെന്നും അത് പൊളിച്ചുമാറ്റണമെന്നുമുള്ള ഹര്‍ജി വിശദവാദം കേള്‍ക്കുന്നതിനായി സിവില്‍ കോടതി ജൂലായ് ഒന്നിലേക്ക് മാറ്റി. ഹര്‍ജി പരിഗണിക്കാവുന്നതാണെന്ന് കഴിഞ്ഞദിവസം ജില്ലാകോടതി ഉത്തരവിട്ടിരുന്നു.
തുടര്‍ന്നാണ് വ്യാഴാഴ്ച സിവില്‍കോടതി ജഡ്ജി പ്രാഥമികവാദം കേട്ടത്. 2020 സെപ്റ്റംബറില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതി ആദ്യമായാണ് വാദം കേള്‍ക്കുന്നത്. ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന മഥുര ജില്ലാകോടതിയുെട ഉത്തരവിന്റെ പകര്‍പ്പ് ഇരു കക്ഷികള്‍ക്കും നല്‍കി.
1991-ലെ ആരാധനാലയ നിയമപ്രകാരം സിവില്‍ കോടതി നേരത്തേ തള്ളിയ ഹര്‍ജിയാണിത്. ഈ ഉത്തരവിനെതിരേ സമര്‍പ്പിച്ച പുനഃപരിശോധന ഹര്‍ജിയിലാണ് പരിഗണിക്കാവുന്നതാണെന്ന് ജില്ലാ കോടതി ഉത്തരവിട്ടത്. ലഖ്‌നൗ സ്വദേശി രഞ്ജന അഗ്‌നിഹോത്രിയും മറ്റ് ആറുപേരുമാണ് ഹര്‍ജിക്കാര്‍.
17-ാം നൂറ്റാണ്ടില്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബാണ് ‘കൃഷ്ണജന്മഭൂമി’യില്‍ പള്ളി നിര്‍മിച്ചതെന്നാണ് ഹര്‍ജിയിലെ വാദം. ശ്രീകൃഷ്ണജന്മഭൂമി ട്രസ്റ്റിന്റെ 13.37 ഏക്കര്‍ ഭൂമിയിലാണ് ഈദ്ഗാഹ് മസ്ജിദ് സ്ഥിതിചെയ്യുന്നത്. അത് പൊളിച്ച് ഭൂമി ട്രസ്റ്റിന് മടക്കിനല്‍കണമെന്നാണ് ആവശ്യം.