വാഷിങ്ടണ്‍: വെള്ളിയാഴ്ച പുലര്‍ച്ചെ അമേരിക്കയിലെ ഇന്ത്യാനാപൊലിസില്‍ ഫെഡ്‌എക്‌സ് ഡെലിവറി സ്ഥാപനത്തിലുണ്ടായ വെടിവെപ്പില്‍ എട്ട് പേര്‍ മരിച്ചു. മരിച്ചവരില്‍ നാലു പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. നാല് പേരും സിഖ് സമുദായത്തില്‍ പെട്ടവരാണ്. ഇന്ത്യാന സ്വദേശിയായ പത്തൊമ്പതുകാരന്‍ ബ്രണ്ടന്‍ സ്‌കോട്ട് ആണ് വെടിയുതിര്‍ത്തത്. ഇയാള്‍ പിന്നീട് ആത്മഹത്യ ചെയ്തു.
വ്യാഴാഴ്ച്ച അര്‍ധരാത്രിയില്‍ നടന്ന വെടിവെപ്പില്‍ ഗുരുതരമായി പരുക്കേറ്റ ഒരാളടക്കം അഞ്ച് പേര്‍ ആശുപത്രിയിലാണ്.അമര്‍ജിത് ജോഹാല്‍ (66), ജസ്വീന്ദര്‍ കൗര്‍ (64), അമര്‍ജിത് ഷോണ്‍ (48), ജസ്വീന്ദര്‍ സിംഗ് (68) എന്നിവരാണ് മരിച്ച സിഖുകാര്‍. മരിച്ചവരില്‍ മൂന്ന് പേര്‍ സ്ത്രീകളാണെന്നും പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഡെലിവറി സ്ഥാപനത്തിലെ ജീവനക്കാരില്‍ തൊണ്ണൂറ് ശതമാനവും ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരാണ്.’ഇത് ഹൃദയഭേദകമാണ്. ഈ സംഭവം സിഖ് സമൂഹത്തെ ആകെ ഉലച്ചിരിക്കുകയാണ്.’ സിഖ് സമുദായ നേതാവ് ഗുരീന്ദര്‍ സിംഗ് കല്‍സ വാര്‍ത്ത ഏജന്‍സിയായ പി.ടി.ഐ യോട് പറഞ്ഞു.
സംഭവത്തില്‍ വാഷിംഗ്ടണിലുള്ള ഇന്ത്യന്‍ എംബസിയും സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. അമേരിക്കന്‍ പ്രസിഡന്റ ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും അനുശോചനം അറിയിച്ചു.