ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവ് ‘മെന്റല്‍ ദീപു’ മരിച്ചു

തിരുവനന്തപുരം: ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗുണ്ടാ നേതാവ് മെന്റല്‍ ദീപു (37) മരിച്ചു. മദ്യപിക്കുന്നതിനിടെയാണ് ദിവസങ്ങള്‍ക്ക് മുമ്പ് മെന്റല്‍ ദീപുവിനു നേരെ ആക്രമണമുണ്ടായത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കവേ ഇന്നു രാവിലെ എട്ടുമണിയോടെയായിരുന്നു മരണം.

സംഭവത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞിരുന്നു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഉണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചത്. കേസില്‍ അയിരൂപ്പാറ സ്വദേശി കുട്ടന്‍ ശാസ്തവട്ടം സ്വദേശി പ്രവീണ്‍, കിളിമാനൂര്‍ സ്വദേശി ലിബിന്‍ എന്നിവരെയാണ് പോത്തന്‍കോട് പോലീസ് അറസ്റ്റ് ചെയ്തത്.

അയിരൂപ്പാറ സ്വദേശി സ്റ്റീഫനെക്കൂടി പിടികൂടാനുണ്ടെന്നും ഇയാള്‍ ഒളിവിലാണെന്നുമാണ് പോലീസ് പറഞ്ഞത്. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെ മങ്ങാട്ടുകോണത്ത് നിന്നാണ് പിടികൂടിയത്. കഴക്കൂട്ടം പോലീസ് കേസെടുത്തിട്ടുണ്ട്. ചന്തവിളയില്‍ ഒരു കടക്കു മുന്നിലിരുന്ന മദ്യപിക്കുമ്പോഴായിരുന്നു ഒപ്പമുണ്ടായിരുന്നവര്‍ ദീപുവിനെ ആക്രമിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News