KeralaNews

തിരുവനന്തപുരത്ത് പച്ചക്കറി വ്യാപാരിയുടെ വീടിന് നേരെ ഗുണ്ടാ ആക്രമണം; വാഹനം അടിച്ചു തര്‍ത്തു

തിരുവനന്തപുരം: ചെങ്കോട്ടുകോണത്ത് വീടിന് നേരെ ഗൂണ്ടാ ആക്രമണം. പച്ചക്കറി കച്ചവടക്കാരനായ അനില്‍ കുമാറിന്റെ വീടിന് നേരെയാണ് ആക്രമണമുണ്ടായത്. വാഹനവും അടിച്ച് തകര്‍ത്തു. വ്യക്തിവൈരാഗ്യമെന്നാണ് സൂചന. രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ചെങ്കോട്ടുകോണം സ്വദേശിയായ അനില്‍ കുമാറിന്റെ വീടിന് നേരെ ഇന്നോവ കാറിലെത്തിയ സംഘം ആക്രമണം നടത്തുകയായിരുന്നു. വീട് ആക്രമിച്ച സംഘം അനില്‍ കുമാറിന്റെ പച്ചക്കറി വാഹനവും അടിച്ചു തകര്‍ത്തു. പുറത്തെ ശബ്ദം കേട്ട് ഓടിയെത്തിയ അനിലിന്റെ അമ്മ ബേബിക്കും സഹോദരി പുത്രനായ ആനന്ദിനും മര്‍ദനമേറ്റു. 13000 രൂപയും സംഘം കവര്‍ന്നു.

നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഗൂണ്ടാ സംഘമാണ് അക്രമണം നടത്തിയതെന്നാണ് പോലീസ് നിഗമനം. മാസങ്ങള്‍ക്ക് മുന്‍പ് പട്ടത്ത് ബോംബ് നിര്‍മാണത്തിനിടെ പടക്കം പൊട്ടി കൈ തകര്‍ന്ന സ്റ്റീഫന്റെ നേതൃത്വത്തിലാണ് ആക്രമണമെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. അനിലുമായി ബന്ധപ്പെട്ട് മുന്‍പ് നടന്ന തര്‍ക്കത്തിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്നാണ് സൂചന. ഇന്നലെ വൈകുന്നേരം പോത്തന്‍കോട്ടെ ബാറിലും സംഘം അക്രമം നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചു. സംഭവത്തില്‍ രണ്ട് പേരെ പോത്തന്‍കോട് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button