കെനോഷ: അമേരിക്കയില്‍ വംശവെറിയുടെ പേരില്‍ പൊലീസ് നടത്തുന്ന ക്രൂരതക്കെതിരെയുള്ള പ്രതിഷേധം ശക്തം.ആഫ്രോ ഏഷ്യന്‍ വംശജനെതിരായ പൊലീസ് വെടിവെപ്പിനെതിരെയാണ് അമേരിക്കയിലെ കെനോഷയില്‍ പ്രതിഷേധം തുടരുന്നത്. പ്രക്ഷോപത്തിനിടെ ഉണ്ടായ വെടിവെപ്പില്‍ 2 പേരാണ് കൊല്ലപ്പെട്ടത്. സമരത്തിനിടെ വെടിയുതിര്‍ത്ത പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ വിസ്‌കോണ്‍സ് സംസ്ഥാനത്ത് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ ചൊല്ലി നിലനിന്നിരുന്ന പ്രതിഷേധജ്വാല അണയുംമുമ്പേയാണ് അമേരിക്കയില്‍ മറ്റൊരു കറുത്തവംശജനെതിരെ ആക്രമണം നടന്നിരിക്കുന്നത്.ജേക്കബ് ബ്ലേക്ക് ജൂനിയര്‍ എന്ന 29 കാരന് നേരെയാണ് പൊലീസ് അതിക്രമമുണ്ടായത്. ഓഗസ്റ്റ് 23നായിരുന്നു സംഭവം. അമേരിക്കയിലെ വിസ്‌കോന്‍സിന്‍ നഗരത്തില്‍ കെനോഷയിലാണ് സംഭവം നടന്നത്.ജേക്കബ് ബ്ലേക്ക് ജൂനിയറിന് നേരെ പൊലീസ് ഏഴുതവണ വെടിയുതിര്‍ക്കുകയായിരുന്നു. ബ്ലേക്കിന്റെ മക്കളുടെ കണ്ണിനു മുമ്പില്‍വെച്ചായിരുന്നു ഈ പൊലീസിന്റെ ഈ ക്രൂരത .
ബ്ലേക്കിനു നേരെയുള്ള പൊലീസ്‌ക്രൂരതയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ പുറത്തുവന്നിട്ടുണ്ട് .ഈ വീഡിയോയില്‍ ബ്ലേക്കിന്റെ ഭാഗത്തു നിന്ന് പ്രകോപനമൊന്നും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാണ്. വെടിവെച്ചത് എന്തിനാണ് എന്നത് സംബന്ധിച്ച വിശദീകരണം പൊലീസും വ്യക്തമാക്കിയിട്ടില്ല .
ബ്ലേക്കിന് നേരെയുണ്ടായ അതിക്രമത്തിന് പിന്നാലെ വ്യാപക പ്രതിഷേധമാണ് കെനൊഷ നഗരത്തില്‍ നടക്കുന്നത്. അമേരിക്കന്‍ ആഫ്രിക്കന്‍ വംശജര്‍ക്കെതിരെ നടക്കുന്ന വംശവെറിയുടെ ഇരയാണ് ബ്ലേക്ക് എന്ന മുദ്രാവാക്യങ്ങളോടെ ഒരു ലക്ഷത്തോളം പ്രതിഷേധക്കാരാണ് തെരുവിലെത്തിയത്.