അമരാവതി:ആന്ധ്രയിലും ഒഡീഷയിലും തീരംതൊട്ട ഗുലാബ് ചുഴലിക്കാറ്റിനെ തുടർന്ന് ആന്ധ്രയിൽ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായതായി റിപ്പോർട്ട്. ആന്ധ്രയുടെ വടക്കൻ തീരപ്രദേശത്ത് ശ്രീകാകുളം ജില്ലയിലാണ് ബംഗാൾ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് പോയ ആറ് മത്സ്യത്തൊഴിലാളികളെ കാണാതായത്.
ഗുലാബ് ചുഴലിക്കാറ്റ് തീരത്തേക്ക് പ്രവേശിച്ചതിനെ തുടർന്ന് ആന്ധ്രയിലെ വടക്കൻ തീരപ്രദേശ ജില്ലകളായ വിശാഖപട്ടണം, വിസിനഗരം, ശ്രീകാകുളം എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മത്സ്യത്തൊഴിലാളികളെ കാണാതായത്. പലാസയിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളായ ഇവർ രണ്ട് ദിവസം മുൻപ് വാങ്ങിയ ബോട്ടിൽ മത്സ്യബന്ധനത്തിന് പോയതായിരുന്നു.
ആറുപേരിൽ ഒരാൾ ഗ്രാമത്തിലേക്ക് ഫോണിൽ വിളിച്ച് ബോട്ടിന് നിയന്ത്രണം നഷ്ടമായതായും കൂടെയുള്ളവരെ കാണാതായതായും അറിയിച്ചതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. വൈകാതെ തന്നെ ഇദ്ദേഹവുമായുള്ള ഫോൺ ബന്ധവും നഷ്ടമായി. ഫിഷറീസ് മന്ത്രി അപ്പാള രാജു ഇടപെട്ടതിനെ തുടർന്ന് നേവിയുടെ നേതൃത്വത്തിൽ ഇവർക്കായി തിരച്ചിൽ നടക്കുന്നുണ്ട്.
കേരളത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ഇന്ന് കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ട് നിലവിലുണ്ട്. നാളെ ഇടുക്കി,പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും 28ന് കണ്ണൂർ, കാസർകോട് ജില്ലകളിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.