ന്യൂഡല്‍ഹി: ഗുജറാത്ത് കലാപത്തിന്റെ ഭാഗമായി ന്യൂനപക്ഷ വിഭാഗങ്ങളില്‍പ്പെട്ട ഒരു ഡസനോളം പേരെ കൊലപ്പെടുത്തിയതിന് രജിസ്റ്റര്‍ ചെയ്ത കേസിലെ 26 പ്രതികളെ കോടതി വെറുതെ വിട്ടു. പ്രതികള്‍ക്കെതിരെ കൂട്ടബലാത്സംഗം, കലാപം എന്നീ വകുപ്പുകളും ചുമത്തിയിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ വെറുതെ വിട്ടത്. പഞ്ച്മഹല്‍ ജില്ലയിലെ ഹലോല്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ലീലാഭായ് ചുടാസാമയാണ് പ്രതികളെ വെറുതെ വിട്ടത്.
2002 മാര്‍ച്ച് ഒന്നിന് ഗോദ്രയില്‍ സബര്‍മതി എക്സ്പ്രസിലെ തീവെപ്പിനെത്തുടര്‍ന്ന് ആഹ്വാനം ചെയ്ത ബന്ദിന്റെ ഭാഗമായി അരങ്ങേറിയ അക്രമവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. കലോല്‍ പോലീസ് സ്റ്റേഷനിനിലാണ് പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ 39 പ്രതികളായിരുന്നു ഉണ്ടായിരുന്നത്. ഇതില്‍ പതിമൂന്ന് പേര്‍ വിചാരണയ്ക്കിടെ മരണമടഞ്ഞിരുന്നു.
ഗാന്ധി നഗര്‍ ജില്ലയിലെ കലോലില്‍ നടന്ന കലാപത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ഒരാളെ പോലീസ് വാഹനത്തില്‍വെച്ച് തീ കൊളുത്തി കൊന്ന കേസിലെ പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.
ഇതേസംഘം ആരാധനാലയത്തില്‍ നിന്ന് പുറത്തേക്ക് വന്ന മറ്റൊരാളെ തീ കൊളുത്തികൊന്നതായും പ്രോസിക്യുഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ദേലോല്‍ ഗ്രാമത്തില്‍ നിന്ന് കലോലിലേക്ക് വന്ന പതിനൊന്ന് പേരെ ഈ സംഘം തീവെച്ച് കൊന്നതായും, രക്ഷപെടാന്‍ ശ്രമിച്ച ഒരു യുവതിയെ അക്രമികള്‍ കൂട്ടബലാല്‍സംഗം ചെയ്‌തെന്നും പ്രോസിക്യുഷന്‍ കേസില്‍ വാദിച്ചിരുന്നു.
പ്രോസിക്യുഷന്‍ 109 സാക്ഷികളെ വിസ്തരിച്ചിരുന്നു. 334 രേഖകളും ഹാജരാക്കി. എന്നാല്‍, സാക്ഷി മൊഴികള്‍ പരസ്പര വിരുദ്ധമാണെന്ന് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് വിധിയില്‍ ചൂണ്ടിക്കാട്ടി. പല മൊഴികളും പ്രോസിക്യുഷന്‍ കേസിന് എതിരാണെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.