മൊഹാലി: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി ഗുജറാത്ത് ടൈറ്റന്‍സ്. മൊഹാലിയില്‍ പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഗുജറാത്തിന്റെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സാണ് നേടിയത്. 24 പന്തില്‍ 36 റണ്‍സെടുത്ത മാത്യൂ ഷോര്‍ട്ടാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഗുജറാത്തിനായി മോഹിത് ശര്‍മ രണ്ട് വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഗുജാറാത്ത് 19.5 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 49 പന്തില്‍ 67 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചത്.
വൃദ്ധിമാന്‍ സാഹയുടെ (30) വിക്കറ്റാണ് ഗുജറാത്തിന് ആദ്യം നഷ്ടമായത്. കഗിസോ റബാദയ്ക്കായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ സായ് സുദര്‍ശന്‍ (19), ഹാര്‍ദിക് പാണ്ഡ്യ (8) എന്നിവര്‍ പെട്ടന്ന് മടങ്ങി. അവസാന ഓവറില്‍ ഗില്ലിനെ നഷ്ടമായെങ്കിലും അഞ്ചാം പന്തില്‍ സാം കറനെ സ്വീപ് ചെയ്ത് രാഹുല്‍ തെവാട്ടിയ (2 പന്തില്‍ 5) ഗുജറാത്തിനെ വിജയത്തിലേക്ക് നയിച്ചു. ഡേവിഡ് മില്ലര്‍ (18 പന്തില്‍ 17) പുറത്താവതൊ നിന്നു. റബാദയ്ക്ക് പുറമെ ഹര്‍പ്രീത് ബ്രാര്‍, അര്‍ഷ്ദീപ് സിംഗ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് താരങ്ങള്‍ക്ക് തിളങ്ങാനായില്ല. അവസാന ഓവറുകളില്‍ മിന്നിയ ഷാരൂഖ് ഖാനാണ് (ഒമ്പത് പന്തില്‍ 22) സ്‌കോര്‍ 150 കടത്താന്‍ സഹായിച്ചത്. ഓപ്പണര്‍മാരായ പ്രഭ്‌സിമ്രാന്‍ സിംഗ് (2), ശിഖര്‍ ധവാന്‍ (8) എന്നിവരെ 28 റണ്‍സുകള്‍ക്കിടെ പഞ്ചാബിന് നഷ്ടമായി. പിന്നീട് ഷോര്‍ട്ടിന്റെ ഇന്നിംഗ്‌സാണ് തകര്‍ച്ചയില്‍ നിന്ന് പഞ്ചാബിനെ രക്ഷിച്ചത്. 24 പന്തുകള്‍ നേരിട്ട ഓസ്‌ട്രേലിയന്‍ താരം ഒരു സിക്‌സും നാല് ഫോറും നേടി. ഭാനുക രജപക്‌സ (20), ജിതേശ് ശര്‍മ (25), സാം കറന്‍ (22), ഹര്‍പ്രീത് ബ്രാര്‍ (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഋഷി ധവാന്‍ (1) പുറത്താവാതെ നിന്നു.
ഗുജറാത്ത് ടൈറ്റന്‍സ്: വൃദ്ധിമാന്‍ സാഹ, ശുഭ്മാന്‍ ഗില്‍, സായ് സുദര്‍ശന്‍, ഹാര്‍ദിക് പാണ്ഡ്യ, ഡേവിഡ് മില്ലര്‍, രാഹുല്‍ തെവാട്ടിയ, റാഷിദ് ഖാന്‍, അല്‍സാരി ജോസഫ്, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ജോഷ്വാ ലിറ്റില്‍.
പഞ്ചാബ് കിംഗ്സ്: പ്രഭ്സിമ്രാന്‍ സിംഗ്, ശിഖര്‍ ധവാന്‍, മാത്യൂ ഷോര്‍ട്ട്, ഭാനുക രജപക്സ, ജിതേഷ് ശര്‍മ, സാം കറന്‍, ഷാരുഖ് ഖാന്‍, ഹര്‍പ്രീത് ബ്രാര്‍, കഗിസോ റബാദ, ഋഷി ധവാന്‍, അര്‍ഷ്ദീപ് സിംഗ്.