ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്തടക്കം മരിച്ച ഹെലികോപ്ടർ അപകടത്തിൽ ജീവൻ ബാക്കിയായത് ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ്ങിന് മാത്രം. വെല്ലിങ്ടണിലെ സൈനിക ആശുപത്രിയിൽ ചികിത്സയിലാണ് നിലവിൽ അദ്ദേഹം. ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജിലെ ഡയറക്ടിങ് സ്റ്റാഫാണ് അദ്ദേഹം.
ബിപിൻ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവരടക്കം 14 പേരാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്. ഇതിൽ വരുൺ സിങ്ങൊഴികെ 13 പേരും മരിച്ചതായി വ്യോമസേന ഔദ്യോഗികമായി അറിയിച്ചു.
2020-ലുണ്ടായ ഒരു അടിയന്തര സാഹചര്യത്തിൽ, തേജസ് യുദ്ധവിമാനം സുരക്ഷിതമാക്കിയതിന് ഇക്കൊല്ലത്തെ സ്വാതന്ത്ര്യദിനത്തിൽ രാജ്യം ശൗര്യചക്ര നൽകി ആദരിച്ചയാളാണ് വരുൺ സിങ്. ഇദ്ദേഹത്തിന്റെ ചികിത്സയ്ക്കായി കോയമ്പത്തൂരിൽനിന്ന് ഡോക്ടർമാരുടെ സംഘം വെല്ലിങ്ടൺ ആശുപത്രിയിലേക്ക് എത്തിയിട്ടുണ്ട്.
കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടിക്കു സമീപം വെല്ലിങ്ടൺ കന്റോൺമെന്റിലേക്കുള്ള യാത്രയ്ക്കിടെ നീലഗിരിയിലെ കൂനൂരിലെ കാട്ടേരിയിലാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12.20 ഓടെയായിരുന്നു സംഭവം.