ഗാസിയാബാദ്: വിവാഹത്തിനിടെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട വരനെ കൈകാര്യം ചെയ്ത് വധുവിന്റെ ബന്ധുക്കള്‍. ഉത്തര്‍പ്രദേശിലെ സാഹിബാബാദില്‍ നടന്ന വിവാഹത്തിനിടെയാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്. സംഭവത്തില്‍ വരനായ ആഗ്ര സ്വദേശി മുസമ്മലിനെതിരേ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. ഇയാള്‍ നേരത്തെ മൂന്ന് വിവാഹം കഴിച്ചതായും ആരോപണമുണ്ട്.
വെള്ളിയാഴ്ച രാത്രി സാഹിബാബാദിലെ ഒരു ഹാളില്‍ നടന്ന വിവാഹചടങ്ങാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വരന്റെ പിതാവ് 10 ലക്ഷം രൂപ സ്ത്രീധനം ചോദിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പണം നല്‍കിയില്ലെങ്കില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതോടെ വധുവിന്റെ ബന്ധുക്കള്‍ കുപിതരാവുകയും വരനെയും മറ്റും സംഘം ചേര്‍ന്ന് മര്‍ദിക്കുകയുമായിരുന്നു.
സംഘര്‍ഷത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഷെര്‍വാണി ധരിച്ച വരനെ ഒരുകൂട്ടമാളുകള്‍ വലിച്ചിഴച്ച് മര്‍ദിക്കുന്നതാണ് ദൃശ്യങ്ങളിലുണ്ടായിരുന്നത്. പിന്നീട് ബന്ധുവായ ഒരു സ്ത്രീയാണ് വരനെ മര്‍ദനത്തില്‍ നിന്ന് രക്ഷിച്ചത്.
വിവാഹത്തിന് മുമ്പ് മൂന്ന് ലക്ഷം രൂപയും ഒരു ലക്ഷത്തിന്റെ വജ്രമോതിരവും വധുവിന്റെ വീട്ടുകാര്‍ വരന് സമ്മാനിച്ചിരുന്നതായാണ് പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിലുള്ളത്. ഇതിനുപിന്നാലെയാണ് വരന്റെ പിതാവ് പത്ത് ലക്ഷം രൂപ കൂടെ ആവശ്യപ്പെട്ടത്.
അതേസമയം, വരനായ യുവാവ് നേരത്തെ മൂന്ന് വിവാഹം കഴിച്ചതായും വധുവിന്റെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.