32.8 C
Kottayam
Sunday, May 5, 2024

‘തെക്കേ ഇന്ത്യയിൽ മികച്ച പ്രതികരണം’, രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം

Must read

ന്യൂഡല്‍ഹി : സിപിഎം കേരളാ നേതൃത്വത്തെ തള്ളി, രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ പുകഴ്ത്തി സിപിഎം ദേശീയ നേതൃത്വം. യാത്രയ്ക്ക് തെക്കെ ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ പരാമർശം. ഒക്ടോബർ 29 മുതൽ 31 വരെ നടന്ന കേന്ദ്രകമ്മിറ്റി യോഗത്തിലെ ചർച്ചയിൽ അംഗീകരിച്ച രാഷ്ട്രീയ രേഖയിലാണ് രാഹുലിന്റെ ഭാരത് ജോഡോ യാത്രയെ പുകഴ്ത്തുന്നത്.

‘രാഹുൽ ഗാന്ധി നയിക്കുന്ന കന്യാകുമാരിയിൽ നിന്നും ശ്രിനഗർ വരെയുള്ള നൂറ്റമ്പത് ദിവസത്തെ ഭാരത് ജോഡോ യാത്രക്ക് തെക്കെ ഇന്ത്യയിൽ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചത്. ഇനി ബിജെപിക്ക് കൂടുതൽ സ്വാധീനമുള്ള പ്രദേശങ്ങളിലെ ജനങ്ങളിൽ നിന്നും യാത്രക്ക് ഏത് രീതിയിലുള്ള പ്രതികരണമാകും ലഭിക്കുകയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്. ആഭ്യന്തര പ്രശ്നങ്ങളെ തുടർന്ന്  കോൺഗ്രസിൽ നിന്നും പല നേതാക്കളും ബിജെപിയിലേക്ക് ചേക്കേറുന്ന ഈ സമയത്ത് പാർട്ടിയെ ഒന്നിപ്പിക്കാനുള്ള ശ്രമമായി ഈ യാത്രയെ കാണുന്നുവെന്നുമാണ് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലെ പരാമർശം. 

ഭാരത് ജോഡോ യാത്രയെ നേരത്തെ സിപിഎമ്മിന്റെ കേരളാ നേതാക്കൾ വിമർശിച്ചിരുന്നു. കണ്ടെയ്നർ യാത്രയെന്നടക്കമുള്ള പരിഹാസങ്ങളാണ് യുവ നേതാക്കളിൽ പ്രമുഖനായ എം സ്വരാജ് അടക്കം നടത്തിയത്.  എംവി ഗോവിന്ദൻ അടക്കമുള്ള നേതാക്കളിൽ നിന്നും യാത്രക്കെതിരെ വിമർശന സ്വരമുയർന്നിരുന്നു. യാത്രയുടെ കൂടുതൽ ദിവസങ്ങൾ കേരളത്തിലാണെന്നതിനെയും സിപിഎം കേരളാ നേതൃത്വം രൂക്ഷ ഭാഷയിൽ വിമർശിച്ചിരുന്നു. എന്നാൽ കേരള നേതാക്കളുടെ ഈ വിമർശനങ്ങളൊന്നും കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിലില്ലെന്നതാണ് ശ്രദ്ധേയം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week