സ്വർണ്ണത്തിന് വേണ്ടി മുത്തശ്ശിയെ തലയിണ അമർത്തി കൊന്നു; ചെറുമകന് ജീവപര്യന്തം

തൃശൂർ: വല്ലച്ചിറ കടലശ്ശേരിയിൽ തനിച്ചുതാമസിച്ചിരുന്ന വയോധികയെ സ്വർണാഭരണങ്ങൾ കവരാനായി കൊലപ്പെടുത്തിയ കേസിൽ ചെറുമകന് ജീവപര്യന്തം തടവ്. കടലശ്ശേരി ഊമ്മൻപിള്ളി വീട്ടിൽ കൗസല്യയെ (78) കൊലപ്പെടുത്തിയ കേസിൽ ചെറുമകൻ ഗോകുലിനെ (കണ്ണൻ – 36) ആണ് കോടതി ശിക്ഷിച്ചത്. ജീവപര്യന്തം തടവിനു പുറമെ 12 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ കോടതി ജഡ്ജി കെ. കമനീസ് വിധിച്ചു.

നാടിനെ നടുക്കിയ സംഭവം 2022 ഫെബ്രുവരി 25-നാണ് നടന്നത്. തനിച്ച് താമസിച്ചിരുന്ന മുത്തശ്ശിയുടെ ആഭരണങ്ങൾ കൈക്കലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗോകുൽ വീട്ടിലെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന കൗസല്യയെ തലയിണ മുഖത്തമർത്തി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സ്വർണം മോഷ്ടിക്കാനാണ് പ്രതി കൊലപാതകം നടത്തിയതെന്ന പ്രോസിക്യൂഷൻ വാദം കോടതി ശരിവെച്ചു.

ചേർപ്പ് പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ ഇൻസ്പെക്ടർ ടി.വി. ഷിബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. എസ്.ഐ ദിലീപ്, എ.എസ്.ഐ സരസപ്പൻ, ജി.എ.എസ്.ഐ സിന്ധു എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ശാസ്ത്രീയ തെളിവുകളും സാക്ഷിമൊഴികളും പ്രതിക്ക് വിനയായി.

24 സാക്ഷികളെ വിസ്തരിച്ച കോടതിയിൽ 39 രേഖകളും 22 തൊണ്ടിമുതലുകളും പ്രോസിക്യൂഷൻ ഹാജരാക്കി. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. അജയകുമാർ ഹാജരായി. ലെയ്‌സൺ ഓഫീസർ ജി.എസ്.സി.പി.ഒ അജീഷ് നടപടികൾ ഏകോപിപ്പിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News