കൂട്ടുകാരുമായി വീട്ടില്‍ മദ്യപാനം; ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു

തിരുവല്ല: കൂട്ടുകാരുമൊത്ത് വീട്ടില്‍ മദ്യപിച്ചത് ചോദ്യം ചെയ്ത കൊച്ചുമകളെ മുത്തച്ഛന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. തിരുവല്ലയിലെ നെടുമ്പ്രത്ത് കഴിഞ്ഞ വ്യാഴാഴ്ച്ച വൈകീട്ടാണ് സംഭവം. 76കാരനായ കമലാസനന്‍ ആണ് പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ കൊച്ചുമകളെ ആക്രമിച്ചത്.

പിതാവ് മരിച്ചുപോയ പെണ്‍കുട്ടിയും മാതാവും മുത്തച്ഛനും അമ്മൂമ്മയുമാണ് വീട്ടില്‍ താമസം. കമലാസനന്‍ വീട്ടില്‍ കൂട്ടുകാരുമൊത്ത് മദ്യപിക്കുന്നത് പെണ്‍കുട്ടിയും മാതാവ് അമ്പിളിയും പലതവണ എതിര്‍ത്തിരുന്നു. സംഭവദിവസം അമ്പിളി പുറത്തുപോയ സമയത്താണ് കമലാസനന്‍ കൂട്ടുകാരുമൊത്ത് മദ്യപിച്ചത്. മടങ്ങിയെത്തിയ അമ്പിളി വീട്ടില്‍ നടന്ന മദ്യപാനത്തെക്കുറിച്ച് കമലാസനനോട് ചോദിച്ചു. ഇതില്‍ ക്ഷുഭിതനായി അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്ത് അമ്പിളിയെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് മകള്‍ക്ക് വെട്ടേറ്റത്.

പെണ്‍കുട്ടിയുടെ ഇരു കൈകള്‍ക്കും സാരമായി പരിക്കേറ്റു. തിരുവല്ല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയുടെ രണ്ട് കൈകളിലുമായി എട്ട് തുന്നലുണ്ട്. ആശുപത്രിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കമലാസനനെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ തുടര്‍ന്ന് കമലാസനന്‍ ഒളിവിലാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News