ജമ്മു: ജമ്മുകശ്മീരിലെ ബാരാമുള്ള ജില്ലയില്‍ സി.ആര്‍.പി.എഫിന് നേരെ ഗ്രനേഡ് ആക്രമണം. ഒരു സി.ആര്‍.പി.എഫ്. ഭടനും പ്രദേശവാസിക്കും പരിക്കേറ്റു. മേഖലയില്‍ ഭീകരര്‍ക്കായി സുരക്ഷാസേന തെരച്ചില്‍ ആരംഭിച്ചു.
ജമ്മുകശ്മീരിലെ സാംബാ ജില്ലയില്‍ മൂന്നു ഡ്രോണുകള്‍ കൂടി കണ്ടെത്തിയതായി നേരത്തെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിരുന്നു. നിയന്ത്രണ രേഖ കടന്നാണ് ഡ്രോണുകള്‍ എത്തിയതെന്നാണ് പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയിലാണ് ബരിബ്രാഹ്മണ, ചിലാഡ്യ, ഗാഗ്വാള്‍ എന്നിവിടങ്ങളിലായി മൂന്ന് ഡ്രോണുകള്‍ കണ്ടെത്തിയത്.
ഏതാനും ആഴ്ചകളായി ജമ്മു കശ്മീരിലെ വിവിധ മേഖലകളില്‍ ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. അതിര്‍ത്തി കടന്നെത്തിയ ഡ്രോണുകള്‍ സുരക്ഷാ സേന വെടിവച്ചിടുകയും ചെയ്തിരുന്നു. ഇന്നലെ കണ്ടെത്തിയ ഡ്രോണുകളിലൊന്ന് പാക് പ്രദേശത്തേക്ക് കടന്നതായും രണ്ടെണ്ണം വേഗത്തില്‍ തന്നെ അപ്രത്യക്ഷമായെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
രണ്ടാഴ്ചയ്ക്ക് മുന്‍പ് സാംബ ജില്ലയിലും ജമ്മുവിലുമായി നാലിടങ്ങളില്‍ സംശയാസ്പദമായി ഡ്രോണുകള്‍ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഗ്രനേഡ് ആക്രമണം ഉണ്ടായിരിക്കുന്നത്.