തിരുവനന്തപുരം: ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുത്തവർക്കും ഗ്രേസ് മാർക്ക്. 25 മാർക്ക് ഗ്രേസ് മാർക്ക് ആയി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു. നേരത്തെ, ദേശീയ തലത്തിൽ മെഡൽ നേടുന്നവർക്ക് മാത്രമായിരുന്നു ഗ്രേസ് മാർക്ക്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഉന്നതതല യോഗത്തിൽ ആണ് തീരുമാനം.
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ കായിക താരങ്ങൾക്കു നൽകിയിരുന്ന ഗ്രേസ് മാർക്ക് വെട്ടിക്കുറച്ചതിനെതിരെ കായിക താരങ്ങളുടെയും സംഘാടകരുടെയും നേതൃത്വത്തിൽ പ്രതിഷേധം ആരംഭിയ്ക്കാനിരിക്കെയാണ് തീരുമാനം. കായിക രംഗത്തെ വിവിധ സംഘടനകളും താരങ്ങളും കൈകോർക്കുന്ന സ്പോർട്സ് കോഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നാളെ വൻപ്രതിഷേധ മാർച്ച് തിരുവനന്തപുരത്ത് സംഘടിപ്പിക്കും.
രാവിലെ 10ന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നു സെക്രട്ടേറിയറ്റിലേക്കു സംഘടിപ്പിക്കുന്ന മാർച്ചിൽ ഒളിംപ്യൻമാർ, അർജുന അവാർഡ് ജേതാക്കൾ, കായിക താരങ്ങൾ, രക്ഷിതാക്കൾ, കായിക അധ്യാപകർ, പരിശീലകർ, വിവിധ കായിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ അണിനിരക്കും.
പഴയ രീതിയിൽ കായിക താരങ്ങളുടെ ഗ്രേസ് മാർക്ക് പുനസ്ഥാപിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും സംസ്ഥാന വ്യാപകമായി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും കോഓർഡിനേഷൻ കമ്മിറ്റിക്കു നേതൃത്വം നൽകുന്ന കേരള ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ അറിയിച്ചു.