KeralaNews

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയിലേക്ക്; നിയമോപദേശത്തിന് വിദഗ്ധന് ഫീസ് 30 ലക്ഷം, ഉത്തരവിറങ്ങി

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻതുക ചെലവാക്കി അസാധാരണ നടപടിക്ക് ഒരുങ്ങി സംസ്ഥാന സർക്കാർ. ഗവർണർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ ഭരണഘടന വിദഗ്‌ധൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടിയിരിക്കുകയാണ് സർക്കാർ. ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് നീക്കുന്നതിനുള്ള നിയമ നിർമ്മാണത്തെ കുറിച്ചും സർക്കാർ ഉപദേശം തേടിയിട്ടുണ്ട്. നിയമോപദേശത്തിനായി ഫാലി എസ് നരിമാനും കൂടെയുള്ളവർക്കും 45.9 ലക്ഷം രൂപ ഫീസായി നൽകാനാണ് സർക്കാർ ഉത്തരവ്.

ഗവർണർ ആരിഫ് മുഹമ്മദ് ഖാനും സർക്കാരിനും ഇടയിലെ ഏറ്റമുട്ടൽ തുടരുന്നതിനിടെയാണ് ഗവർണർക്കെതിരെ കോടതിയെ സമീപിക്കാനുള്ള സംസ്ഥാനത്തിന്റെ നീക്കം. ലോകായുക്ത, സര്‍വകലാശാല നിയമ ഭേദഗതി ബില്ലുകളിൽ രാജ്ഭവൻ തുടർ നടപടികൾ സ്വീകരിക്കാതെ നീട്ടുന്നു. ഭരണഘടനയുടെ ഇരുന്നൂറാം അനുച്ഛേദ പ്രകാരമുള്ള കടമ ഗവർണർ നിർവഹിക്കുന്നില്ല.

സംസ്ഥാനത്തെ ഭരണപ്രതിസന്ധിയിലേക്ക് തള്ളി വിടാനാണ് ഈ നടപടിയെന്നാണ് സർക്കാർ വിലയിരുത്തൽ. ഗവർണർ ബില്ലുകളിൽ തീരുമാനം എടുക്കാതെ അനന്തമായി നീട്ടി കൊണ്ട് പോകുന്നത്  ഭരണഘടന വിരുദ്ധമാണെന്നാണ് സർക്കാർ അഭിപ്രായം. ഈ സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാനുള്ള സാധ്യതയ്ക്കായി സർക്കാർ നിയമോപദേശം തേടിയത്. 

നിയമ ഉപദേശം നൽകുന്നതിന് ഫാലി എസ് നരിമാന് മാത്രം ഫീസായി മുപ്പത് ലക്ഷം രൂപ സർക്കാർ നൽകും. നരിമാന്റെ ജൂനിയർമാരും ക്ലർക്കുമാർക്കുമായി 15.9 ലക്ഷം രൂപയുമാണ് നൽകുന്നത്. നിയമ ഉപദേശം ലഭിച്ചാൽ ഉടൻ സംസ്ഥാന സർക്കാർ കോടതിയെ സമീപിക്കുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കും.

അനുകൂലമായ നിയമ ഉപദേശം ലഭിച്ചാൽ സർക്കാരിന് വേണ്ടി സുപ്രീംകോടതിയിൽ ഫാലി എസ് നരിമാനോ, കെ കെ വേണുഗോപാലോ ഹാജരാകും. നേരത്തെ ഡല്‍ഹിയില്‍ എത്തിയ എജി ഗോപാലകൃഷ്ണക്കുറുപ്പ്  ഉൾപ്പെടെയുള്ളവർ  മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനെ കണ്ടിരുന്നു. മുഖ്യമന്ത്രി ദില്ലിയിലുള്ളപ്പോളായിരുന്നു കൂടിക്കാഴ്ച്ച.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button