തിരുവനന്തപുരം: മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെ സസ്പെന്‍ഡ് ചെയ്തേക്കുമെന്ന് സൂചന. സ്വര്‍ണക്കടത്ത് വിവാദവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തല അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഉടന്‍ ഇത് സംബന്ധിച്ച് ഉത്തരവ് ഇറങ്ങുമെന്നാണ് വിവരം. സിവില്‍ സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന റിപ്പോര്‍ട്ടില്‍ ബന്ധങ്ങളില്‍ ജാഗ്രത കുറവുണ്ടായെന്ന കാര്യവും പരാമര്‍ശിക്കുന്നുണ്ട്. റിപ്പോര്‍ട്ട് ഇന്ന് തന്നെ കൈമാറുമെന്നാണ് സൂചന.
സിപിഐഎം നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ സാഹചര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്തു. മുതിര്‍ന്ന നേതാക്കള്‍ ഇത് സംബന്ധിച്ച് കൂടിയാലോചനകള്‍ നടത്തുന്നുണ്ട്. മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും ഐടി സെക്രട്ടറി സ്ഥാനത്ത് നിന്നും ശിവശങ്കറിനെ മാറ്റി നിര്‍ത്തിയെങ്കിലും വകുപ്പു തല നടപടി വേണമെന്നാണ് ആവശ്യം.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്നയെ ഐടി വകുപ്പിന്റെ കീഴില്‍ ജോലിക്കെടുത്തത് ശിവശങ്കര്‍ ഇടപെട്ടാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ഒന്‍പത് മണിക്കൂറാണ് ചോദ്യം ചെയ്യല്‍ നീണ്ടു നിന്നത്. ശിവശങ്കറിന്റെ മൊഴിയില്‍ വൈരുദ്ധ്യമുണ്ടെന്നാണ് പുറത്തുവന്ന വിവരം.