ഇംഫാൽ: പൊലീസിൽ നിന്നു കവർന്ന ആയുധങ്ങൾ തിരികെ നിക്ഷേപിക്കാൻ ഇംഫാലിൽ ഡ്രോപ് ബോക്സ്. മന്ത്രി എൽ.സുശിൽദ്രോയുടെ വീടിനു മുൻപിലാണ് തോക്കുകൾ നിക്ഷേപിക്കാനായി പെട്ടി സ്ഥാപിച്ചത്. ഇതിലൂടെ ഒട്ടേറെ തോക്കുകൾ തിരികെ ലഭിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ, കഴിഞ്ഞ ദിവസം കിട്ടിയത് കേടുവന്ന ഒരു തോക്കും വെടിയുണ്ടയില്ലാത്ത മാഗസിനുമാണെന്നാണു വിവരം.
കലാപത്തിന്റെ ആദ്യദിനം 4000 യന്ത്രത്തോക്കുകളും 5 ലക്ഷത്തിലധികം വെടിയുണ്ടകളും പൊലീസ് ട്രെയ്നിങ് കോളജിന്റെ ആയുധപ്പുരയിൽനിന്നു കവർന്നിരുന്നു. മെയ്തെയ് ജനക്കൂട്ടത്തിനു പൊലീസ് തന്നെ ഇവ കൈമാറുകയായിരുന്നുവെന്നാണ് ആക്ഷേപം. ഇതിൽ 1500 എണ്ണം തിരികെ ലഭിച്ചുവെന്നാണു പൊലീസ് അവകാശപ്പെടുന്നത്. എകെ 47, എം 16 ഉൾപ്പെടെ വൻ പ്രഹരശേഷിയുള്ള ആയുധങ്ങളാണ് അന്നു നഷ്ടപ്പെട്ടത്.
തോക്കുകൾ തിരികെ ലഭിക്കാനായി പലവട്ടം അഭ്യർഥന നടത്തിയിട്ടുണ്ടെന്നു മണിപ്പുർ സർക്കാരിന്റെ വക്താവു കൂടിയായ മന്ത്രി ഡോ. സപം രഞ്ജൻ പറഞ്ഞു. തോക്കു മോഷ്ടിച്ചതിന് ഒരാളെപ്പോലും അറസ്റ്റ് ചെയ്യാത്ത പൊലീസ്, തോക്കുകൾ തിരികെ നൽകുന്നവർക്കെതിരെയും നടപടി സ്വീകരിക്കില്ലെന്ന് ഉറപ്പുനൽകുന്നുണ്ട്.
കലാപത്തിന്റെ ആദ്യഘട്ടം കഴിഞ്ഞപ്പോഴാണ് ഏതാനും പേർ തോക്കുകൾ തിരികെ നൽകിയത്. എന്നാൽ വീണ്ടും സംഘർഷം മൂർഛിച്ചതോടെ ആയുധങ്ങൾ തിരികെ ലഭിക്കുന്നില്ലെന്നു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മാത്രമല്ല, കൂടുതൽ കൊള്ള നടക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പു ലഭിച്ചിട്ടുമുണ്ട്.
അസം റൈഫിൾസ് മെയ്തെയ്കൾക്കെതിരേ രാസായുധങ്ങൾ ഉപയോഗിക്കുന്നതായി മെയ്തെയ് വനിതകളുടെ ആരോപണം. അസം റൈഫിൾസിനെതിരെ നാളെ ഇംഫാൽ താഴ് വരയുടെ വിവിധ പ്രദേശങ്ങളിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നു വനിതാ സംഘടനയായ മെയ്റാ പെയ്ബികൾ (വിളക്കേന്തിയ വനിതകൾ) പറഞ്ഞു. ബിഷ്ണുപുരിൽ കഴിഞ്ഞ ദിവസം സ്ത്രീകൾക്കു നേരെ അസം റൈഫിൾസ് രാസവസ്തുക്കൾ സ്പ്രേ ചെയ്തതായും 50 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും സംഘടനാ നേതാവ് ഷർമിള നാവോസെക്പാം പറഞ്ഞു.