ഡൽഹി:ഭരണത്തില്‍ കൂടുതല്‍ അധികാരം ലഫ്റ്റനന്‍റ് ഗവർണര്‍ക്ക് നല്‍കുന്ന ഗവൺമെന്റ് ഓഫ് നാഷനൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി (ഭേദഗതി) ആക്ട് 2021 നിലവില്‍ വന്നു. ദില്ലി ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അധികാരം വിപുലപ്പെടുത്തുന്നതാണ് ഭേദഗതി. ചൊവ്വാഴ്ച മുതലാണ് ഭേദഗതി പ്രാബല്യത്തില്‍ വന്നത്. ദില്ലി സര്‍ക്കാരിന്‍റേയും അസംബ്ലിയുടേയും എക്സിക്യൂട്ടീവ് അധികാരങ്ങള്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് നല്‍കുന്നതാണ് ഭേദഗതി.
പ്രതിപക്ഷത്തിന്‍റെ ശക്തമായ പ്രതിഷേധത്തിനിടയിലാണ് കഴിഞ്ഞ മാസമാണ് ഈ ഭേദഗതി പാര്‍ലമെന്‍റില്‍ പാസായത്. ബില്ലിന്റെ വിശദാംശങ്ങൾ പരിശോധിക്കാൻ പാർലമെന്ററി സ്ഥിരം സമിതിക്കു വിടണമെന്ന ആവശ്യം പോലും തള്ളിയായിരുന്നു ബില്ല് പാസാക്കിയത്.
ഭേദഗതി അനുസരിച്ച് ദില്ലി സര്‍ക്കാര്‍ ഏത് തീരുമാനം എടുക്കുന്നതിന് മുന്‍പും ലെഫ്റ്റനന്‍റ് ഗവര്‍ണറുടെ അഭിപ്രായം നിര്‍ബന്ധമായും തേടണം. ദില്ലി സര്‍ക്കാരിന്‍റെ ദൈംനം ദിന നടപടികള്‍ നിയമസഭാ കമ്മിറ്റിയെ വിലക്കുകയും ചെയ്യുന്നതാണ് പുതിയ ഭേദഗതി.
ജനങ്ങള്‍ വോട്ട് ചെയ്ത് തെരഞ്ഞെടുത്ത സര്‍ക്കാരിന്‍റെ തീരുമാനം മറികടന്നും തീരുമാനം എടുക്കാന്‍ ലഫ്റ്റനന്‍റ് ഗവര്‍ണര്‍ക്ക് അധികാരം നല്‍കുന്നതാണ് ഈ ഭേദഗതി. ഭരണഘടനാ വിരുദ്ധമെന്നും ജനാധിപത്യ വിരുദ്ധമെന്നുമാണ് ഭേദഗതിയെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും വിലയിരുത്തുന്നത്. ലഫ്റ്റനന്‍റ് ഗവര്‍ണറിലൂടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണത്തില്‍ കേന്ദ്രം ഇടപെടുകയാണെന്ന ആരോപണം ശക്തമാകുന്നതിന് ഇടയിലാണ് ഭേദഗതി പ്രാബല്യത്തില്‍ വരുന്നത്.