തിരുവനന്തപുരം: വയനാട് തുരങ്ക പാതയുടെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തില്‍. ടണല്‍ പാതയുടെ പ്രവൃത്തി രണ്ട് പാക്കേജുകളിലായി ടെണ്ടര്‍ ചെയ്തുവെന്ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിന് വേണ്ടി ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു നിയമസഭയെ അറിയിച്ചു. പാരിസ്ഥിതിക അനുമതിക്കുള്ള അപേക്ഷ വിദഗ്ധ സമിതിയുടെ പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി.
ലിന്റോ ജോസഫ് എംഎല്‍എയുടെ സബ്മിഷന് മറുപടിയായാണ് വയനാട് തുരങ്കപാതയുടെ ടെണ്ടര്‍ നടപടികള്‍ അന്തിമഘട്ടത്തിലാണെന്ന് മന്ത്രി അറിയിച്ചത്. ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തിന് ശേഷവും പദ്ധതിയുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം. കഴിഞ്ഞ മാസം നാലാം തീയതിയാണ് ടെണ്ടര്‍ തുറന്നത്.
പാരിസ്ഥിതിക അനുമതി ലഭിക്കുന്ന മുറയ്ക്ക് പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും മന്ത്രി അറിയിച്ചു. പദ്ധതിക്കായി ആകെ ആവശ്യമായിട്ടുള്ളതിന്റെ 90 ശതമാനം ഭൂമിയും ഏറ്റെടുത്തു. വയനാട്, കോഴിക്കോട് ജില്ലകളിലായാണ് ഭൂമി ഏറ്റെടുത്തതെന്നും മന്ത്രി അറിയിച്ചു.
വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാത. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയില്‍ മറിപ്പുഴയില്‍ നിന്നാരംഭിച്ച് വയനാട് ജില്ലയിലെ കള്ളാടി മീനാക്ഷി ബ്രിഡ്ജില്‍ അവസാനിക്കുന്നതാണ് പാത. മറിപ്പുഴയില്‍ നിര്‍മിക്കുന്ന വലിയ പാലം അവസാനിക്കുന്നിടത്താണ് തുരങ്കം ആരംഭിക്കുന്നത്. തുരങ്കങ്ങള്‍ തമ്മിലുള്ള അകലം 8.11 കിലോമീറ്ററായിരിക്കും.
പത്ത് മീറ്റര്‍ വീതമുള്ള നാലുവരിയായാണ് പാത. 300 മീറ്റര്‍ ഇടവിട്ട് ക്രോസ് വേകളുണ്ടാകും. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ഗതാഗത സ്തംഭനം ഒഴിവാക്കാനാണിത്. 2022 ഫെബ്രുവരിയിലായിരുന്നു തുരങ്കപാതയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അന്തിമ ഭരണാനുമതി ലഭിച്ചത്. പദ്ധതിക്കായി 2,043 കോടിയാണ് അനുവദിച്ചിരിക്കുന്നത്. കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷനാണ് നിര്‍മാണമേല്‍നോട്ടം.