മുംബൈ: സ്വന്തം തോക്കില്‍നിന്ന് വെടിയുതിര്‍ന്നതിനെ തുടര്‍ന്ന് പരിക്കേറ്റ ബോളിവുഡ് താരം ഗോവിന്ദയെ പോലീസ് ചോദ്യംചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം തോക്കില്‍നിന്ന് ഗോവിന്ദയ്ക്ക് കാലില്‍ വെടിയേറ്റത്. ജുഹു പോലീസാണ് സംഭവത്തില്‍ ഗോവിന്ദയെ ചോദ്യംചെയ്തത്.
വൃത്തിയാക്കുന്നതിനിടെ തോക്ക് അണ്‍ലോക്ക്ഡ് ആയെന്നും അബദ്ധത്തില്‍ വെടിയുതിര്‍ന്നു എന്നുമാണ് ഗോവിന്ദ പോലീസിനോട് പറഞ്ഞതെന്ന് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തോക്കിന് 20 കൊല്ലം പഴക്കമുണ്ടെന്നും അദ്ദേഹം പോലീസിനോടു വ്യക്തമാക്കിയിട്ടുണ്ട്.
പ്രാഥമികാന്വേഷണത്തില്‍ മറ്റ് ക്രമക്കേടൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഗോവിന്ദ പറഞ്ഞത് പോലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ലെന്നാണ് വിവരം. പോലീസ് നടന്റെ മൊഴി വീണ്ടുമെടുത്തേക്കുമെന്നും സൂചനയുണ്ട്. ഗോവിന്ദയുടെ മകള്‍ ടീന അഹൂജയെയും പോലീസ് ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വന്തം റിവോള്‍വറില്‍നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഗോവിന്ദയുടെ കാലിന് പരിക്കേൽക്കുന്നത്. കാല്‍മുട്ടിന് പരിക്കേറ്റ് ഗോവിന്ദയെ മുംബൈ ക്രിട്ടിക് കെയര്‍ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാവിലെയുള്ള വിമാനത്തില്‍ കൊല്‍ക്കത്തയിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം.