തിരുവനന്തപുരം: വിവാദമായ ലോകായുക്ത ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന പ്രതിപക്ഷത്തിന്റെ അപേക്ഷ ഉള്‍പ്പടെ രാഷ്ട്രീയ വിവാദം ചൂടുപിടിച്ചിരുന്ന സമയത്തുണ്ടായ ഗവര്‍ണറുടെ നടപടി സര്‍ക്കാരിന് ആശ്വാസമായിരിക്കുകയാണ്. ഭേദഗതി അംഗീകരിച്ചതോടെ ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളാമെന്ന സുപ്രധാന വ്യവസ്ഥ നിയമമായിരിക്കുകയാണ്.
ഓര്‍ഡിനന്‍സിനെതിരേ ഇടത് മുന്നണിയിലെ രണ്ടാം കക്ഷിയായ സിപിഐ തന്നെ ശക്തമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ മുഖ്യമന്ത്രി ഞായറാഴ്ച വൈകിട്ട് രാജ്ഭവനില്‍ എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കണ്ടിരുന്നു. ലോകായുക്തയുടെ 14-ാം വകുപ്പ് ഭരണഘടന വിരുദ്ധമായതുകൊണ്ടാണ് ഭേദഗതി കൊണ്ടുവന്നതെന്ന് മുഖ്യമന്ത്രി ഗവര്‍ണറെ ധരിപ്പിച്ചു.
കൂടാതെ ഭേദഗതിക്ക് എജിയുടെ നിയമോപദേശമുണ്ടെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു. പിന്നാലെയാണ് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചത്. ഗവര്‍ണര്‍ ഒപ്പിട്ടതോടെ ഓര്‍ഡിനന്‍സിനെതിരേ പ്രതിപക്ഷത്തിന്റെ നീക്കം എന്താകുമെന്നാണ് ഇനി ശ്രദ്ധാകേന്ദ്രം. സിപിഐയുടെ പ്രതികരണവും നിര്‍ണായകമാണ്.