KeralaNews

അഞ്ചു വ്യവസ്ഥകള്‍, ലംഘിച്ചാല്‍ അറസ്റ്റ്; പ്രോസിക്യൂഷന്‍ സുപ്രീം കോടതിയിലേക്ക്

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിനും കൂട്ടാളികള്‍ക്കും ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത് അഞ്ചു വ്യവസ്ഥകളില്‍. ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പ്രോസിക്യൂഷന് കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസ് പി ഗോപിനാഥ് വിധിയില്‍ വ്യക്തമാക്കി. പ്രതികള്‍ പാസ്പോര്‍ട്ട് കോടതിയില്‍ നല്‍കണം, ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ജാമ്യം ഹാജരാക്കണം, അന്വേഷണവുമായി സഹകരിക്കണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നിവയാണ് കോടതി മുന്നോട്ടുവച്ച വ്യവസ്ഥകള്‍. വ്യവസ്ഥകള്‍ ലംഘിച്ചാല്‍ അറസ്റ്റിനായി അന്വേഷണ സംഘത്തിന് കോടതിയെ സമീപിക്കാമെന്നും വിധിയില്‍ പറയുന്നു.

ദിലീപിനും കൂട്ടാളികള്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് പ്രോസിക്യൂഷന്‍. അന്വേഷണവുമായി മുന്നോട്ടുപോവാന്‍ ദിലീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് പ്രോസിക്യൂഷന്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. ദിലീപിനെക്കൂടാതെ സഹോദരന്‍ അനൂപ്, സഹോദരീഭര്‍ത്താവ് ടിഎന്‍ സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമ്മനാട്, ശര്ത എന്നിവര്‍ക്കാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.കോടതി നിര്‍ദേശം ഉണ്ടായിട്ടുപോലും ദിലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദമാണ്, മുന്‍കൂര്‍ ജാമ്യ ഹര്‍ജിയെ എതിര്‍ത്തുകൊണ്ടു പ്രോസിക്യൂഷന്‍ പ്രധാനമായും ഉന്നയിച്ചത്.

എന്നാല്‍ ഇതു തെറ്റാണെന്നും ദിലീപ് 33 മണിക്കൂര്‍ ചോദ്യം ചെയ്യലിനു വിധേയമായതായും പ്രതിഭാഗം വാദിച്ചു.അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് പറഞ്ഞത് വെറും ശാപവാക്കുകള്‍ ആണെന്ന വാദമാണ് പ്രതിഭാഗം ഉന്നയിച്ചത്. എന്നാല്‍ ഈ വാദം നിലനില്‍ക്കില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ശാപവാക്കുകളല്ലെന്നു ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍നിന്നു വ്യക്തമാണ്. അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താനുള്ള ധാരണ അവിടെയുണ്ടായിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

ബലചന്ദ്രകുമാറിന്റെ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്ന വാദത്തെയും പ്രോസിക്യൂഷന്‍ എതിര്‍ത്തു. മൊഴിയിലുള്ളത് നിസ്സാര വൈരുദ്ധ്യങ്ങലാണ്. ആരും പഠിപ്പിച്ചുവിട്ട സാക്ഷിയല്ല ബാലചന്ദ്രകുമാര്‍ എന്നത് അതില്‍നിന്നു വ്യക്തമാണ്. പ്രഥമ വിവര റിപ്പോര്‍ട്ട് കുറ്റകൃത്യത്തെക്കുറിച്ചുള്ള എന്‍സൈക്ലോപിഡിയ അല്ല. അതില്‍ എല്ലാ വിവരങ്ങളും ഉള്‍പ്പെടുത്താനാവില്ല. അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ ആണ്. ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു.ഒരാളെ തട്ടാന്‍ തീരുമാനിക്കുമ്പോള്‍ ഒരു ഗ്രൂപ്പിലിട്ടു തട്ടിയേക്കണം എന്ന് ഓഡിയോയില്‍ ദിലീപ് പറയുന്നുണ്ട്.

മറ്റൊന്നില്‍ ഉദ്യോഗസ്ഥരെ കത്തിക്കണം എന്നു പറയുന്നു. വെറുതെ പറയുകയല്ല, ഏതു രീതിയില്‍ കൊല്ലണം എന്നുവരെ ആലോചന നടന്നെന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു.കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ, ജനുവരി വരെ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പ്രതികള്‍ കൂട്ടമായി മാറ്റിയത് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. ഇതിനെ സാഹചര്യ തെളിവായി പരിഗണിക്കണം. ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചെങ്കിലും പിറ്റേന്നുവൈകിട്ടു വരെ അതു നല്‍കിയില്ല. അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അവരുടെ പെരുമാറ്റത്തില്‍നിന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്ന് ഡിജിപി വാദിച്ചു.

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ക്വട്ടേഷന്‍ കൊടുത്തയാളാണ് ദിലീപ് എന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ പ്രതിയുടെ ചരിത്രവും പരിശോധിക്കണമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. ഇന്ത്യന്‍ ശിക്ഷാനിയമം തയാറാക്കിയവര്‍ പോലും ചിന്തിക്കാത്ത കുറ്റം ചെയ്തയാളാണ് ദിലീപ് എന്ന്, ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് ഡയറക്ടര്‍ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടിഎ ഷാജി പറഞ്ഞു.ബ്ലാക് മെയില്‍ ചെയ്യാനാണ് ഇയാള്‍ സഹപ്രവര്‍ത്തകയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയത്. ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതു നടപ്പാക്കുകയും ചെയ്തു.

ദിലീപ് എത്ര ദുഷ്ടബുദ്ധിയാണെന്ന് ഇതില്‍നിന്നു വ്യക്തമാണ്.ബുദ്ധിപരമായി കുറ്റകൃത്യം ആസൂത്രണം ചെയ്യുകയും നിയമത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ടു നടക്കുകയും ചെയ്യുന്നയാളാണ് ദിലീപ് എന്ന് പ്രോസിക്യൂഷന്‍ പറഞ്ഞു. ഈ ഘട്ടത്തില്‍ പ്രതിഭാഗം അഭിഭാഷകര്‍ ഇടപെടാന്‍ ശ്രമിച്ചു. പ്രതിഭാഗത്തിന്റെ വാദം കഴിഞ്ഞ ദിവസം മൗനമായി കേട്ടിരുന്നയാളാണ് താനെന്നും ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും ഡിജിപി നിലപാടെടുത്തു. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസിന് സംവിധായകന്‍ ബാലചന്ദ്രകുമാറുമായി മുന്‍പരിചയമില്ല. ചാനല്‍ അഭിമുഖം വന്നപ്പോഴാണ് ഡിവൈഎസ്പി ബാലചന്ദ്രകുമാറിനെ ആദ്യമായി കാണുന്നതെന്നും പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി.

ഗൂഢാലോചനയ്ക്കു സാക്ഷിയുണ്ട് എന്ന പ്രത്യേകത ഈ കേസിനുണ്ട്. ബാലചന്ദ്ര കുമാറിന്റെ മൊഴി ശക്തമായ തെളിവാണ്. പറഞ്ഞതു സാധൂകരിക്കുന്ന ഓഡിയോ ബാലചന്ദ്രകുമാര്‍ കൈമാറിയിട്ടുണ്ട്.പ്രോസിക്യൂഷന്‍ പറയുംപോലെ ചെറിയ വൈരുദ്ധ്യമല്ല ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ഉള്ളതെന്ന്, മറുപടി വാദം നടത്തിയ പ്രതിഭാഗം അഭിഭാഷകന്‍ ബി രാമന്‍ പിള്ള പറഞ്ഞു. അടിമുടി വൈരുദ്ധ്യമാണ് മൊഴികളില്‍. എഫ്ഐആറിന് അടിസ്ഥാനം ഈ വൈരുദ്ധ്യം നിറഞ്ഞ മൊഴിയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ദിലീപ് സംസാരിക്കുമ്പോള്‍ കേട്ടിരുന്ന ആരെങ്കിലും പ്രതികരിച്ചതായി ബാലചന്ദ്ര കുമാറിന്റെ മൊഴിയില്‍ ഇല്ല. ഒരാള്‍ പറയുന്നു, മറ്റുള്ളവര്‍ കേട്ടിരിക്കുന്നു, ഇതെങ്ങനെ ഗൂഢാലോചനയാവുമെന്ന് രാമന്‍ പിള്ള ചോദിച്ചു. ബാലചന്ദ്രകുമാറിനും പൊലീസിനും ദിലീപിനോടുള്ള വൈരാഗ്യം മനസ്സിലാവും, എന്നാല്‍ പ്രോസിക്യൂഷന്‍ വൈരാഗ്യത്തോടെ സംസാരിക്കുന്നത് എന്തുകൊണ്ടെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ചോദിച്ചു.33 മണിക്കൂറാണ് ദിലീപിനെ ചോദ്യം ചെയ്തത്. എന്നിട്ടും അന്വേഷണവുമായി സഹകരിച്ചില്ലെന്നാണ് പറയുന്നത്. അഭിഭാഷകന്‍ നേരിട്ടു പോയി ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ കൈമാറിയതായും രാമന്‍ പിള്ള അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker