തിരുവനന്തപുരം: കേരള സാങ്കേതിക സര്‍വകലാശാല വിസി നിയമന വിഷയത്തില്‍ വിട്ടുവീഴ്ചയുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കെടിയു വിസിയുടെ താല്‍ക്കാലിക ചുമതല സര്‍ക്കാരിന് താല്‍പര്യമുള്ളവര്‍ക്ക് നല്‍കാമെന്ന് ചൂണ്ടിക്കാട്ടി രാജ്ഭവന്‍ സര്‍ക്കാരിന് കത്തയച്ചു.
മാര്‍ച്ച് 31ന് സിസാ തോമസ് വിരമിക്കുന്ന സാഹചര്യത്തിലാണ് നടപടി. തുടര്‍ച്ചയായി കോടതി വിധികള്‍ തിരിച്ചടിയായതോടെയാണ് സര്‍ക്കാരുമായുള്ള ഏറ്റുമുട്ടല്‍ ഗവര്‍ണര്‍ അവസാനിപ്പിക്കുന്നത്. എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വ്വകലാശാല താല്‍കാലിക വിസിയായി സിസാ തോമസിനെ ചാന്‍സലര്‍ കൂടിയായ ഗവര്‍ണറാണ് നിയമിച്ചത്.
ഡിജിറ്റല്‍ സര്‍വ്വകലാശാല വിസി സജി ഗോപിനാഥിനെ നിയമിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം നിരാകരിച്ചായിരുന്നു സിസാ തോമസിന് വിസിയുടെ ചുമതല ഗവര്‍ണര്‍ നല്‍കിയത്. ഏപ്രില്‍ 1 മുതല്‍ സജി ഗോപിനാഥിനോ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാറ്റാര്‍ക്കുമെങ്കിലോ ചുമതല നല്‍കുന്നതില്‍ വിരോധമില്ലെന്നും ഗവര്‍ണറുടെ സെക്രട്ടറി വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി തലസ്ഥാനത്ത് എത്തിയശേഷം ഇതില്‍ തീരുമാനമെടുക്കും.