തിരുവനന്തപുരം: സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള, എം ജി, ഫിഷറീസ്, അഗ്രികൾച്ചർ, കെ ടി യു, മലയാളം സർവ്വകലാശാലകളിലേക്കാണ് നിയമന നീക്കം. ഗവർണർ രൂപീകരിച്ച കമ്മിറ്റികളിൽ യുജിസികളുടേയും ചാൻസ്ലരുടെയും നോമിനികളാണുളളത്. നോമിനികളെ നല്കാത്തതിനാൽ സർവ്വകലാശാല പ്രതിനിധികൾ ഇല്ല.
സ്വന്തം നിലയ്ക്ക് വിസി നിയമനത്തിനാണ് ഗവർണറുടെ നീക്കം. രാജ്ഭവൻ വിഞാപനം ഇറക്കിയതോടെ ഇനി സർക്കാർ നീക്കമെന്തായിരിക്കുമെന്നാണ് ചർച്ചയാകുന്നത്. വിഞാപനം ഓരോ സർവകലാശാല സിണ്ടിക്കേറ്റുകളും കോടതിയിൽ ചോദ്യം ചെയ്യാൻ ഇടയുണ്ട്. സർക്കാരും ഗവർണ്ണർക്ക് എതിരെ രംഗത്തു വരും. അതെ സമയം വി സി മാർ ഇല്ലാതെ ഒരു വർഷത്തോളമായ സാഹചര്യത്തിൽ ഹൈകോടതി നിർദേശ പ്രകാരമാണ് നടപടിയെന്നാണ് രാജ്ഭവൻ നിലപാട്.
കേരള സർവകലാശാല വി.സി നിയമനവുമായി ബന്ധപ്പെട്ട് സെർച് കമ്മിറ്റി പ്രതിനിധിയെ നൽകാൻ നിർദേശിച്ചുള്ള 2022ലെ ഹൈകോടതി ഉത്തരവ് ആയുധമാക്കിയാണ് ആറ് സർവകലാശാലകളിലേക്കും സെർച് കമ്മിറ്റി രൂപവത്കരിച്ചത്. കേരള സർവകലാശാലയിൽ കർണാടക സെൻട്രൽ യൂനിവേഴ്സിറ്റി വൈസ്ചാൻസലർ പ്രഫ. ഭട്ടു സത്യനാരായണ (യു.ജി.സി നോമിനി), ഐ.എസ്.ആർ.ഒ ചെയർമാൻ ഡോ. എസ്. സോമനാഥ് (ചാൻസലറുടെ നോമിനി) എന്നിവരാണ് സെർച് കമ്മിറ്റിയിലുള്ളത്. കമ്മിറ്റി മൂന്ന് മാസം കൊണ്ട് വി.സി നിയമന ശിപാർശ നൽകണം.
ഫിഷറീസ് സർവകലാശാലയിൽ ജമ്മു യൂനിവേഴ്സിറ്റി വൈസ്ചാൻസലർ ഡോ. സഞ്ജീവ് ജെയിൻ (യു.ജി.സി നോമിനി), കുസാറ്റ് മുൻ വി.സി ഡോ.പി.കെ അബ്ദുൽ അസീസ് ( ചാൻസലറുടെ നോമിനി), ഡോ.ജെ.കെ ജെന (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് പ്രതിനിധി) എന്നിവരും മലയാളം സർവകലാശാലയിൽ ഡോ. ജാൻസി ജെയിംസ് (ചാൻസലറുടെ പ്രതിനിധി), പ്രഫ. ഭട്ടു സത്യനാരായണ (യു.ജി.സി പ്രതിനിധി) എന്നിവരും
കാർഷിക സർവകലാശാലയിൽ ഡോ. സി.വി ജയമണി (ചാൻസലറുടെ പ്രതിനിധി), പ്രഫ. അലോക്കുമാർ (യു.ജി.സി പ്രതിനിധി), ഡോ. ഹിമൻഷു പഥക് (ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രികൾച്ചറൽ റിസർച്ച് പ്രതിനിധി) എന്നിവരും എം.ജി സർവകലാശാലയിൽ ഡോ.കെ.ആർ.എസ് സാംബശിവറാവു (യു.ജി.സി പ്രതിനിധി), ഡോ. അനന്തരാമകൃഷ്ണൻ (ചാൻസലറുടെ പ്രതിനിധി), സാങ്കേതിക സർവകലാശാലയിൽ പ്രഫ.ക്ഷിതി ഭൂഷൺദാസ് (യു.ജി.സി പ്രതിനിധി), പ്രഫ. പി. രാജേന്ദ്രൻ (ചാൻസലറുടെ പ്രതിനിധി), ഡോ. എസ് ഉണ്ണികൃഷ്ണൻ (എ.ഐ.സി.ടി.ഇ പ്രതിനിധി) എന്നിവരും വി.സി നിയമനത്തിനുള്ള സെർച് കമ്മിറ്റി അംഗങ്ങളാണ്.