KeralaNews

ക്വാറി ഉടമയുടെ കൊലപാതകം: 3പേർ കസ്റ്റഡിയിൽ, സുനിൽകുമാറിനായി കേരളത്തിലും തമിഴ്‌നാട്ടിലും തിരച്ചിൽ

കൊല നടത്തുന്നതിന് സർജിക്കൽ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങൾ എന്നിവ നൽകിയ സർജിക്കൽ സ്ഥാപനത്തിന്റെ പാർട്ണറാണ്‌ സുനിൽകുമാർ. ഇയാൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ബന്ധങ്ങളുണ്ട്.

തിരുവനന്തപുരം: കളിയിക്കാവിളയിൽ വ്യവസായി ദീപുവിനെ കൊലപ്പെടുത്താൻ പ്രതി സജികുമാർ ഉപയോഗിച്ച സർജിക്കൽ ബ്ലേഡും ഗ്ലൗസും നൽകിയ സുനിൽകുമാറിനെ കണ്ടെത്താൻ പ്രത്യേക അന്വേഷണസംഘം കേരളത്തിലും തമിഴ്‌നാട്ടിലും വ്യാപക തിരച്ചിൽ തുടരുന്നു.അന്വേഷണത്തിന്റെ ഭാഗമായി സുനിൽകുമാറുമായി അടുത്ത ബന്ധമുള്ള മൂന്നുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സുനിൽകുമാറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപ് ചന്ദ്രൻ, സുനിൽകുമാർ പാർട്ണറായ സർജിക്കൽ സ്ഥാപനത്തിന്റെ ഉടമ, പാറശ്ശാല മഹാദേവർ ക്ഷേത്രത്തിനു സമീപത്തെ സർവീസ് സെന്റർ ഉടമ എന്നിവരെയാണ് ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തത്.

കൊല നടത്തുന്നതിന് സർജിക്കൽ ഗ്ലൗസ്, ബ്ലേഡ്, വസ്ത്രങ്ങൾ എന്നിവ നൽകിയ സർജിക്കൽ സ്ഥാപനത്തിന്റെ പാർട്ണറാണ്‌ സുനിൽകുമാർ. ഇയാൾക്ക് കേരളത്തിലും തമിഴ്നാട്ടിലും ബന്ധങ്ങളുണ്ട്. സജികുമാർ പിടിയിലായതിനു തൊട്ടുപിന്നാലെ മൊബൈൽ ഫോൺ വീട്ടിൽ ഉപേക്ഷിച്ച് രക്ഷപ്പെട്ട ഇയാൾക്കായി അന്വേഷണവിഭാഗം നാലു സംഘങ്ങളായി തിരിഞ്ഞാണ് തിരച്ചിൽ നടത്തുന്നത്.

പ്രദീപ് ചന്ദ്രനെ വ്യാഴാഴ്ച വൈകീട്ട് തമിഴ്‌നാട് പോലീസിന്റെ നിർദേശപ്രകാരം നെയ്യാറ്റിൻകര പോലീസ് പിടികൂടി പ്രത്യേക അന്വേഷണസംഘത്തിനു കൈമാറുകയായിരുന്നു. നെയ്യാറ്റിൻകരയിലെ സ്ഥാപനത്തിൽ നടന്ന മദ്യപാനത്തിനിെടയാണ് സജികുമാർ കൊലപാതകം നടത്തുന്നതിനുള്ള ഗൂഢാലോചന നടത്തിയതെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. ഈസമയത്ത് പ്രദീപ് ചന്ദ്രനുമുണ്ടായിരുന്നതായി സജികുമാർ തമിഴ്‌നാട് പോലീസിനു മൊഴിനൽകിയിരുന്നു.

കൊലപാതകത്തിന് രണ്ടു ദിവസം മുൻപ്‌ സുനിൽകുമാറിന്റെ വാഹനത്തിൽ സജികുമാർ ഈ പ്രദേശത്തെത്തിയപ്പോൾ പ്രദീപ് ചന്ദ്രനും കൂടെയുണ്ടായിരുന്നതായി പോലീസ് സംശയിക്കുന്നു.സുനിൽകുമാർ പാർട്ണറായ സർജിക്കൽ സ്ഥാപനത്തിന്റെ ഉടമയെ വെള്ളിയാഴ്ച ഉച്ചയോടുകൂടി പ്രത്യേക അന്വേഷണസംഘം പാറശ്ശാലയിലെ സ്ഥാപനത്തിലെത്തി പിടികൂടി. തൊട്ടുപിന്നാലെ മറ്റൊരു സംഘം പാറശ്ശാല മഹാദേവർ ക്ഷേത്രത്തിനു സമീപത്തെ സർവീസ് സെന്റർ ഉടമയെയും പിടികൂടി അന്വേഷണസംഘത്തിന്റെ ക്യാമ്പ് ഓഫീസിലേക്കു മാറ്റി.

സുനിൽകുമാറിനെ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാനാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തതെന്ന് അന്വേഷണസംഘം അറിയിച്ചു.സുനിൽകുമാർ പത്തനംതിട്ട കേന്ദ്രീകരിച്ചു പ്രവർത്തിച്ചിട്ടുള്ളതിനാൽ ഈ മേഖലയിലും കേരള പോലീസും തമിഴ്‌നാട് പോലീസും പ്രത്യേക അന്വേഷണം നടത്തുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker