KeralaNews

ഗവര്‍ണര്‍ ‘ഫുള്‍ റോമിംഗി’ല്‍,143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; അമിതയാത്രയില്‍ ഇടപെട്ട് രാഷ്ട്രപതിഭവനും

തിരുവനന്തപുരം: സംസ്ഥാനത്ത് ചെലവഴിക്കേണ്ട ദിവസങ്ങളുടെയും യാത്രാ ചെലവിന്‍റെയും കാര്യത്തില്‍ ഗവര്‍ണര്‍മാര്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഒരു മാസം 25 ദിവസമെങ്കിലും ഗവര്‍ണര്‍ സംസ്ഥാനത്ത് ഉണ്ടാകണമെന്ന മാര്‍ഗനിര്‍ദ്ദേശമാണ് ഗവര്‍ണര്‍ ലംഘിച്ചത്.

2022 നവംബറില്‍ 20 ദിവസവും സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍ ഈ വര്‍ഷം 143 ദിവസത്തോളം യാത്രയിലായിരുന്നു. ഇതിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 2022-ല്‍ 11.63 ലക്ഷം രൂപയും 2021-ല്‍ 5.34 ലക്ഷം രൂപയും ചെലവിട്ടിരുന്നു. ഗവര്‍ണറുടെയൊപ്പം യാത്രചെയ്യുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ ചെലവുകള്‍കൂടി പരിശോധിക്കുമ്പോള്‍ വന്‍ തുകയാണ് യാത്രായിനത്തില്‍ വിനിയോഗിക്കുന്നത്.

2021-ല്‍ 82 ദിവസത്തോളം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണറുടെ അമിതയാത്ര ചൂണ്ടിക്കാട്ടി രാഷ്ട്രപതിഭവന്‍ ഇടപെട്ടിരുന്നു. ഒരു മാസത്തില്‍ അഞ്ച് ദിവസത്തില്‍ കൂടുതല്‍ ഗവര്‍ണര്‍മാര്‍ സംസ്ഥാനത്തിന് പുറത്തു പോകരുതെന്നാണ് ചട്ടം. എന്നാല്‍ താന്‍ രേഖകളെല്ലാം സമര്‍പ്പിച്ചതിനെ തുടര്‍ന്ന് ചട്ടം പാലിക്കുന്നതില്‍ നിന്ന് തന്നെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ഗവര്‍ണറുടെ വാദം.

2022 മാര്‍ച്ച് മാസത്തില്‍ 19 ദിവസം സംസ്ഥാനത്തിന് പുറത്തായിരുന്ന ഗവര്‍ണര്‍, ജൂണിലും ആഗസ്റ്റിലും 17 ദിവസം വീതം യാത്രയ്ക്കായി മാറ്റിവെച്ചു. യാത്രകളില്‍ കൂടുതലും ഡല്‍ഹിയിലേക്കും ഉത്തര്‍പ്രദേശിലേക്കുമാണ്. 2021-ലും സമാനമായ രീതിയില്‍ പല മാസങ്ങളിലും അനുവദനീയമായ ദിവസങ്ങളില്‍ കൂടുതല്‍ ഗവര്‍ണര്‍ സംസ്ഥാനത്തിന് പുറത്തായിരുന്നു.

ടൂര്‍ എക്‌സ്‌പെന്‍സസ് എന്ന അക്കൗണ്ടില്‍ നിന്നാണ് ഗവര്‍ണറുടെ യാത്രാചെലവുകള്‍ക്കുള്ള പണം വിനിയോഗിക്കുന്നത്. പി. സദാശിവം സ്ഥാനത്തുനിന്ന് മാറി ആരിഫ് മുഹമ്മദ് ഖാന്‍ ചുമതലയേറ്റ 2019-20 സാമ്പത്തിക വര്‍ഷം 18.47 ലകഷം രൂപയാണ് ഗവര്‍ണറുടെ യാത്രാച്ചെലവ്. നാല് വര്‍ഷത്തിനിടെ 46.55 ലക്ഷം രൂപയാണ് ഗവര്‍ണറുടെ യാത്രകള്‍ക്ക് മാത്രം ചെലവായത്. കൂടെ യാത്രചെയ്യുന്ന ഉദ്യാഗസ്ഥര്‍ക്കായി ചെലവിട്ടത് ഒരു കോടി രൂപയും.

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് പ്രഭാഷണങ്ങള്‍ക്കും മറ്റു പരിപാടികള്‍ക്കും ക്ഷണിക്കുന്നതിനാലാണ് കേരളത്തിന് പുറത്തേക്ക് നിരന്തരം യാത്ര വേണ്ടിവരുന്നതെന്നാണ് ഗവര്‍ണറുടെ വാദം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button