Featuredhome bannerHome-bannerKeralaNews

കണ്ണൂർ വി സി ക്രിമിനൽ,തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നു;ഗുരുതര ആരോപണവുമായി ഗവർണർ

ന്യൂഡൽഹി: കണ്ണൂർ സര്‍വകലാശാലയില്‍വച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നുവെന്ന ഗുരുതര ആരോപണവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ഇതിന് പിന്നിൽ സർവകലാശാല വി.സിയാണെന്നും ഗവർണർ ആരോപിച്ചു. വൈസ് ചാന്‍സ്‌ലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രൻ ക്രിമിനലാണെന്നും അദ്ദേഹം മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആരോപണമുന്നയിച്ചു.

“2019 ഡിസംബറിൽ കണ്ണൂർ സർവകലാശാലയിൽ നടന്ന ചരിത്ര കോൺഗ്രസിൽ വെച്ച് തനിക്കെതിരെ ശാരീരിക ആക്രമണത്തിന് ശ്രമം നടന്നു. തന്റെ എ.ഡി.സി. ആയിരുന്ന മനോജ് യാദവിന്റെ വസ്ത്രം കീറിയിരുന്നു. രണ്ട് പ്രാവശ്യം ഇത്തരത്തിൽ എനിക്കെതിരെ ആക്രമണം നടന്നു. എന്നെ ആ പരിപാടിയിലേക്ക് ക്ഷണിച്ച വി.സിയുടെ ജോലി എന്തായിരുന്നു? അദ്ദേഹം വിദ്യാഭ്യാസമില്ലാത്ത ആൾ ഒന്നുമല്ലായിരുന്നല്ലോ? സംഭവത്തെക്കുറിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരെ അറിയിക്കേണ്ടതല്ലേ? രാജ്ഭവനിൽ നിന്ന് ചോദിച്ച റിപ്പോർട്ട് അവഗണിക്കുകയാണ് അദ്ദേഹം ചെയ്തത്. കണ്ണൂർ വൈസ് ചാന്‍സ്‌ലര്‍ ഒരു ക്രിമിനലാണ്. എന്നെ ശാരീരികമായി ആക്രമിക്കാനുള്ള ഗൂഢാലോചനയിൽ അദ്ദേഹവും ഭാഗമായി.” – ഗവർണർ ആരോപിച്ചു.

വി.സി. കണ്ണൂർ സർവകലാശാല നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് ആരോപിച്ച ഗവർണർ, നിരവധി നിയമനങ്ങൾ അനധികൃതമായി നടത്തിയിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു.അദ്ദേഹം ഒരു വി.സിയെ പോലെയല്ല പെരുമാറുന്നത്. പാർട്ടി കേഡറിനെ പോലെയാണ് അദ്ദേഹം പെരുമാറുന്നത്. വി.സിയെ മാറ്റുന്നതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചു കഴിഞ്ഞുവെന്നും ഗവർണർ കൂട്ടിച്ചേർത്തു.

സാധാരണ രീതിയിൽ ഏതെങ്കിലും വൈസ് ചാന്‍സ്‌ലര്‍ക്കെതിരായി പൊതുയിടത്തിൽ സംസാരിക്കാറില്ല. എന്നാൽ ഇപ്പോൾ എന്നെ അതിന് നിർബന്ധിതനാക്കിയിരിക്കുകയാണ്. കണ്ണൂർ സർവകലാശ വൈസ് ചാന്‍സ്‌ലര്‍ എല്ലാ പരിധിയും ലംഘിച്ചുവെന്ന് ഗവർണർ രൂക്ഷമായ ഭാഷയിൽ പറഞ്ഞു.അസോസിയേറ്റ് പ്രൊഫസറുടെ നിയമനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അതൊക്കെ മാറ്റി നിർത്തൂ, ഈ വ്യക്തി ഇരിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button