25.2 C
Kottayam
Sunday, May 19, 2024

ദുൽഖർ സൽമാനും 100 കോടി ക്ലബിൽ, കുറുപ്പ് സാറ്റലൈറ്റ് അവകാശം വിറ്റത് കോടികൾക്ക്

Must read

കൊച്ചി:ടൻ ദുൽഖർ സൽമാൻ നായകനായി എത്തി വൻ ഹിറ്റായി മാറിയ സിനിമയാണ് ‘കുറുപ്പ്’. പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്‍റെ റോളിലാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തിയത്. ദുല്‍ഖറിന്‍റെ അരങ്ങേറ്റ ചിത്രമായിരുന്ന സെക്കന്‍ഡ് ഷോയുടെ ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രന്‍ ആയിരുന്നു കുറുപ്പിന്റേയും സംവിധായകൻ. ഇപ്പോഴിതാ ആ​ഗോളതലത്തിൽ ചിത്രം നേടിയിരിക്കുന്നത് 112 കോടിയാണെന്ന വിവരം പങ്കുവച്ചിരിക്കുകയാണ് ദുൽഖർ സൽമാൻ. 

ചിത്രം മെഗാ ബ്ലോക്ക് ബസ്റ്റർ എന്ന ഖ്യാതി കൂടി നേടിയിരിക്കുകയാണ്. 35 കോടി ആയിരുന്നു കുറുപ്പിന്‍റെ മുതല്‍ മുടക്ക്. തന്റെ സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ദുൽഖർ സന്തോഷ വിവരം പങ്കുവച്ചത്. ഒപ്പം ‘കുറുപ്പി’ന്റെ സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നൽകിയെന്നും താരം അറിയിച്ചു. വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടെയ്ന്റ്മെന്റസുമാണ് സംപ്രേഷണാവകാശം സീ കമ്പിനിയ്ക്ക് നൽകിക്കൊണ്ടുള്ള കരാറിൽ ഒപ്പിട്ടത്. 

“കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടൈൻമെന്റ്‌സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമാണ്. അഗാധമായി വിനയാന്വിതനും എന്നേക്കും നന്ദിയുള്ളവനും ആയിരിക്കും”, എന്നാണ് ദുൽഖർ ഫേസ്ബുക്കിൽ കുറിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് കുറുപ്പ്.

2021 നവംബറിലായിരുന്നു കുറുപ്പിന്റെ റിലീസ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായിരുന്നു റിലീസ്. കേരളത്തിൽ മാത്രം 400ലേറെ തിയറ്ററുകളിൽ ചിത്രം റിലീസ് ചെയ്തത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിച്ചത്.

ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായികയായി എത്തിയത്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളായി. ദുല്‍ഖര്‍ സല്‍മാനെ പാന്‍ ഇന്ത്യന്‍ സൂപ്പര്‍ സ്റ്റാറിലേക്ക് വളര്‍ത്തിയതില്‍ കുറുപ്പിന് നിര്‍ണായക പങ്കുണ്ട്. ചിത്രത്തില്‍ ദുല്‍ഖറിന്റെ പ്രകടനം ഏറെ ശ്രദ്ധനേടിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week