KeralaNews

ഗവർണർക്കെതിരായ ഹർജി ഇന്ന് സുപ്രീം കോടതിയിൽ, ധൃതഗതിയിൽ ഒന്ന് ഒപ്പിട്ടു,7 ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ച് ആരിഫ് ഖാൻ

ന്യൂഡൽഹി: ഗവർണർക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. പരിഗണിക്കാതിരുന്ന എട്ട് ബില്ലുകളിൽ തീരുമാനമായെന്ന് ഗവർണർക്ക് വേണ്ടി, അഡീഷണൽ ചീഫ് സെക്രട്ടറി കോടതിയെ അറിയിക്കും. ഏഴ് ബില്ലുകൾ രാഷ്ട്രപതിക്ക് ഗവർണർ ഇന്നലെ അയച്ചിരുന്നു. ഒരു ബില്ലിൽ ഒപ്പിടുകയും ചെയ്തു. ഈക്കാര്യമാകും കോടതിയെ ധരിപ്പിക്കുക.

നേരത്തെ പഞ്ചാബ്, തെലങ്കാന സംസ്ഥാനങ്ങളുടെ ഹർജികൾ പരിഗണനയ്ക്ക് എത്തവേ  കോടതിയിൽ എത്തുന്നതിന് തൊട്ടു മുൻപായി മാത്രം, ഗവർണർമാർ ബില്ലിൽ നടപടി എടുക്കുന്നതിൽ സുപ്രീംകോടതിയുടെ വിമർശനം ഉയർത്തിരുന്നു. ഗവർണർ തീക്കൊണ്ട് കളിക്കരുത് എന്നതടക്കം പരാമർശങ്ങളും കോടതിയിൽ നിന്നുണ്ടായി.

ലോകയുക്ത ബിൽ, സർവ്വകലാശാല നിയമ ഭേദഗതി ബിൽ (രണ്ടെണ്ണം), ചാൻസ്‌ലർ ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ, സേ‍ര്‍ച് കമ്മിറ്റി എക്സ്പാൻഷൻ ബിൽ, സഹകരണ ബിൽ (മിൽമ)  എന്നിവയാണ് രാഷ്ട്രപതിയുടെ പരിഗണനക്ക് വിടുന്നത്.

അതേസമയം പൊതു ജനാരോഗ്യ ബില്ലിൽ ഗവ‍ര്‍ണര്‍ ഒപ്പിട്ടു. ഗവര്‍ണര്‍മാര്‍ക്ക് ബില്ലുകള്‍ പാസാക്കുന്നതില്‍ നിയമസഭയെ മറിടക്കാനാവില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. പഞ്ചാബ് ഗവര്‍ണര്‍ക്കെതിരായ കേസിലാണ് സുപ്രീം കോടതിയുടെ സുപ്രധാന വിധി.

ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് സംസ്ഥാനത്തിന്റെ നിയമനിർമ്മാണത്തെ  തടസ്സപ്പെടുത്താൻ ഗവര്‍ണര്‍ക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചിന്‍റെ വിധിയില്‍ പറയുന്നു. ഭരണഘടനാ അനുച്ഛേദം 200 അനുസരിച്ച ബില്ലുകളില്‍ അംഗീകാരം ഗവര്‍ണര്‍ തടഞ്ഞുവെയ്ക്കുകയാണെങ്കില്‍ തിരിച്ചയക്കണം.

നിയമസഭ വീണ്ടും ബില്ലുകള്‍ പാസാക്കിയാല്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്നും വിധി വ്യക്തമാക്കുന്നു. ഗവർണർ സംസ്ഥാനത്തിൻ്റെ പ്രതീകാത്മക തലവനാണ്. ബില്ലുകളിലെ നടപടികളെ ഗവർണർക്ക് തടയാൻ കഴിയില്ല. ഭരണഘടന നൽകുന്ന അധികാരം നടപടിക്രമങ്ങൾക്ക് തടസം സൃഷ്ടിക്കാനുള്ളതല്ലെന്നും വിധിയിൽ വ്യക്തമാക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button