തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലെ എല്ലാ സന്ദേശങ്ങളും കോളുകളും റിക്കാര്‍ഡ് ചെയ്യപ്പെടുമെന്നും നിരീക്ഷിക്കപ്പെടുമെന്നുമുള്ള വ്യാജ സന്ദേശം വീണ്ടും വൈറലാകുന്നു. ഡിജറ്റല്‍ പ്ലാറ്റ് ഫോമുകളെ നിയന്ത്രിക്കാന്‍ കേന്ദ്രം പുതിയ നിയമം കൊണ്ടുവന്നതോടെയാണ് വ്യാജ സന്ദേശം വീണ്ടും പ്രചരിക്കാന്‍ തുടങ്ങിയത്.
മൂന്ന് നീല ടിക്കുകള്‍ ദൃശ്യമായാല്‍ അയച്ച സന്ദേശം സര്‍ക്കാര്‍ കണ്ടു. രണ്ട് നീല ടിക്ക് ഒരു ചുവപ്പ് ടിക്ക് കണ്ടാല്‍ സര്‍ക്കാര്‍ നടപടിയെടുത്തേക്കാം എന്ന് തുടങ്ങി ആശങ്കപ്പെടുത്തുന്ന തരത്തിലുള്ള സന്ദേശമാണ് പ്രചരിക്കുന്നത്.
കൊറോണ പ്രതിരോധ വാക്സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ മരിക്കുമെന്ന തരത്തിലും സമൂഹമാദ്ധ്യമങ്ങളില്‍ വ്യാജസന്ദേശം പ്രചരിരിന്നു. ഈ സന്ദേശം വ്യാജമാണെന്ന് അറിയിച്ച് കേരള പോലീസ് രംഗത്ത് വന്നിട്ടുണ്ട്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രചരിക്കുന്നത് അസത്യമാണെന്ന് പോലീസ് അറിയിച്ചത്. വാക്സിനുകള്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും പോലീസ് അറിയിച്ചു.
ഫ്രഞ്ച് നൊബേല്‍ സമ്മാന ജേതാവിന്റെ പേരിലാണ് സാമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശം വ്യപകമായി പ്രചരിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് പോലീസ് മുന്നറിയിപ്പ് നല്‍കിയത്. വ്യാജ സന്ദേശങ്ങള്‍ വൈറസിനെക്കാള്‍ അപകടകരമാണെന്നും പോലീസ് വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ രൂപം
വ്യാജമായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങള്‍ വൈറസിനേക്കാള്‍ അപകടകരമാണ്. വാക്‌സിന്‍ സ്വീകരിച്ചവര്‍ രണ്ട് വര്‍ഷത്തിനകം മരിക്കുമെന്ന രീതിയില്‍ പ്രചരിക്കുന്ന സന്ദേശം വ്യാജമാണ്. വാക്‌സിനെ കുറിച്ച് ഫ്രഞ്ച് നൊബേല്‍ സമ്മാന ജേതാവിന്റെ പേരിലാണ് വ്യാജ സന്ദേശം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുത്. തെറ്റായ വിവരങ്ങള്‍ വൈറസിനേക്കാള്‍ അപകടകരമാണ്. വാക്സിനുകള്‍ പൂര്‍ണ്ണമായും സുരക്ഷിതമാണ്.