തിരുവനന്തപുരം: അച്ഛനും അമ്മയും കോവിഡ് ബാധിച്ച് മരിച്ച കുട്ടികളെ സർക്കാർ സംരക്ഷിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനുള്ള നടപടികൾ സംബന്ധിച്ച് പരിശോധന നടത്തി തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പത്രസമ്മേളനത്തിൽ പറഞ്ഞു.
വിദേശത്ത് ജോലിചെയ്യുന്നവർക്ക് വാക്സിൻ ലഭ്യമാകുന്നില്ലെന്ന പ്രശ്നം പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കോവിഷീൽഡിന്റെ രണ്ടാം ഡോസ് എടുക്കാൻ 84 ദിവസമാണ് കേന്ദ്രസർക്കാർ നിർദേശിക്കുന്നത്. രണ്ടാം ഡോസ് കിട്ടാത്തതുമൂലം വിദേശത്തെ ജോലി നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടെങ്കിൽ അത്തരം ആളുകൾക്ക് വാക്സിൻ നൽകുന്നതിന് സൗകര്യം ഒരുക്കാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ത്യയിൽ ഉപയോഗിക്കുന്ന കോവാക്സിന് വിദേശത്ത് അംഗീകാരമില്ല. അക്കാര്യത്തിൽ കേന്ദ്ര സർക്കാർ തന്നെ ഡബ്ല്യൂഎച്ച്ഒയുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് അറിയുന്നത്. ഈ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തും. ബാങ്ക് ജീവനക്കാരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തുന്ന കാര്യം ഗൗരവമായി പരിഗണിക്കും.
വാക്സിനുകളുടെ ദൗർലഭ്യം മൂലം വേഗതയിൽ വാക്സിനേഷൻ മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കാത്ത അവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. 45 മുകളിൽ പ്രായമുള്ളവർക്ക് വാക്സിനേഷൻ നൽകേണ്ടത് കേന്ദ്രസർക്കാരാണ്. ഈ വിഭാഗത്തിൽ നമ്മുടെ കൈയ്യിലുള്ള വാക്സിൻ തീർന്നിട്ട് കുറേ നാളായി. കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിക്കൊണ്ടിരിക്കുകയാണ്.
വാക്സിനുകൾ വാങ്ങുന്നതിന് വിവിധ സർക്കാരുകൾ ടെണ്ടർ വിളിക്കുകയും ഒരുപാട് ആവശ്യക്കാർ ഉണ്ടാവുകയും ചെയ്യുമ്പോൾ വാക്സിന് വില കൂടാൻ സാധ്യതയുണ്ട്. രാജ്യത്ത് മൊത്തം ആവശ്യമായി വരുന്ന വാക്സിൻ കണക്കാക്കുകയും അതിനുള്ള ആഗോള ടെണ്ടർ കേന്ദ്രസർക്കാർ വിളിക്കുകയും ചെയ്യുക എന്നതാണ് വില ഉയരാതിരിക്കാനുള്ള മാർഗം. ഇതിനുള്ള നടപടികൾ സ്വീകരിക്കാൻ ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് വാക്സിനുകൾ സൗജന്യമായി നൽകി എല്ലാവരും വാക്സിൻ എടുക്കുന്നത് ഉറപ്പുവരുത്തണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.