അഞ്ചുവർഷം മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്,പ്രതിപക്ഷ നേതാവായപ്പോൾ ലഭിച്ച പിന്തുണയും ജനകീയപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ചോയെന്നും കാലം പഠിക്കട്ടെ,വൈകാരിക കുറിപ്പുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പ്രതിപക്ഷ നേതാവെന്ന നിലയിലുള്ള തന്റെ പ്രവർത്തനങ്ങൾ കാലം വിലയിരുത്തട്ടെയെന്ന് രമേശ് ചെന്നിത്തല. പ്രതിപക്ഷ നേതാവായപ്പോൾ ലഭിച്ച പിന്തുണയുടെയും കണക്കെടുക്കട്ടെ. ജനകീയപ്രവർത്തനങ്ങൾ ജനങ്ങളിലെത്തിച്ചോയെന്നും കാലം പഠിക്കട്ടെ. സർക്കാരിന്റെ നല്ല ചെയ്തികളെ താൻ പിന്തുണച്ചിട്ടുണ്ട്. പ്രളയം, ഓഖി,നിപ്പ, കൊവിഡ് കാലങ്ങളിൽ സർക്കാരിനൊപ്പം നിന്നു എന്നും രമേശ് ചെന്നിത്തല ഫേസ്ബുക്കിൽ കുറിച്ചു.
തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം ആയിരുന്നു ഇന്ന്. അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച താൻ ഇന്ന് രണ്ടാം നിരയിലാണ്. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യമുണ്ട്. ഒരു തുള്ളി രക്തം പോലും ഈമണ്ണിൽ ചൊരിയിക്കാതെ , ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവർത്തനം നടത്താൻ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്. സ്ഥാനമാനങ്ങളെക്കാൾ വലുത് ജനങ്ങളുടെ സ്നേഹവും വാത്സല്യവുമാണ് എന്നും ചെന്നിത്തല പറയുന്നു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം…
തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷമുള്ള ആദ്യത്തെ നിയമസഭാ സമ്മേളനം ആയിരുന്നു ഇന്ന്. അഞ്ചുവർഷം പ്രതിപക്ഷ നേതാവ് എന്ന നിലയിൽ മുൻനിരയിൽ നിന്നു നയിച്ച ഞാൻ ഇന്ന് രണ്ടാം നിരയിലാണ്. കോൺഗ്രസ് പാർട്ടിയുടെ നിയമസഭയിലെ പുതിയ നേതാവായി വി ഡി സതീശനെ കോൺഗ്രസ് പ്രസിഡണ്ട് സോണിയാ ഗാന്ധി നിർദേശിച്ചു.
അനുഭവസമ്പത്തുള്ള പ്രഗൽഭനായ വിഡി സതീശൻ എന്ന എന്റെ കൊച്ചനുജന് എല്ലാവിധ വിജയാശംസകളും നേരുന്നു. ഇന്ന് രാവിലെ വഴുതക്കാടുള്ള എന്റെ വസതിയിൽ അദ്ദേഹം എത്തി. പ്രഭാതഭക്ഷണത്തിനു ശേഷം നിയമസഭാ സമ്മേളനത്തിന് ഒരുമിച്ചാണ് ഞങ്ങൾ നിയമസഭാ മന്ദിരത്തിലേക്ക് പുറപ്പെട്ടത്. അൻവർ സാദത്ത് എം.എൽ.എ യും ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു.
കഴിഞ്ഞ അഞ്ചു വർഷക്കാലം എൽ.ഡി.എഫ് സർക്കാരിന്റെ അഴിമതിക്കെതിരെയുള്ള പോരാട്ടമാണ് ഞാൻ നടത്തിയത്. സഭാതലം പരിപൂർണമായി ഇതിനായി ഉപയോഗിച്ചു, സർക്കാരിൻറെ നല്ല ചെയ്തികളെ പിന്തുണയ്ക്കുന്നതിനൊപ്പം സംസ്ഥാന താൽപര്യങ്ങൾക്കുവേണ്ടി യോജിച്ച പ്രവർത്തനങ്ങൾ കാഴ്ചവെച്ച വേദിയാണ് ഈ സഭയുടേത്. മുഖ്യമന്ത്രിയോടൊപ്പം പ്രളയ ബാധിത പ്രദേശങ്ങൾ സന്ദർശിച്ചതും പൗരത്വ ഭേദഗതി നിയമത്തിനെതിരായി സംയുക്ത സമരത്തിനായി മുഖ്യമന്ത്രിയെ ക്ഷണിച്ചതും അദ്ദേഹം സമ്മതിച്ചതുമെല്ലാം പ്രതിപക്ഷപ്രവർത്തനത്തിന്റെ രജത രേഖയാണ്. പ്രളയ സമയത്ത് കന്റോൻറ്മെന്റ് ഹൗസിൽ കൺട്രോൾ റൂം ആരംഭിച്ചതുമെല്ലാം “ജനങ്ങളാണ് എല്ലാത്തിലും വലുത് ” എന്ന വ്യക്തമായ സന്ദേശം നൽകി.
ഞാൻ ഉന്നയിച്ച പ്രശ്നങ്ങൾ കേരള ജനതയുടെ നന്മയ്ക്കുവേണ്ടിയുള്ളതായിരുന്നു. സർക്കാരിന്റെ അഴിമതിക്കും കൊള്ളക്കും വഴിവിട്ട പ്രവർത്തനത്തിനും എതിരായിട്ടുള്ള നിതാന്ത ജാഗ്രതയോടെയുള്ള പ്രവർത്തനമാണ് പ്രതിപക്ഷ നേതാവ് എന്ന നിലയിൽ ഞാൻ നടത്തിയത്.
അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും സർക്കാർ പിൻ തിരിഞ്ഞിട്ടുണ്ട്. പ്രതിപക്ഷം ചൂണ്ടിക്കാണിച്ചില്ലായിരുന്നെങ്കിൽ വൻ വിപത്തുകളിൽ സംസ്ഥാനം പെട്ടു പോകുമായിരുന്നു. ക്രിയാത്മക പ്രതിപക്ഷം എന്ന നിലയിൽ കൃത്യമായി പ്രവർത്തിക്കാൻ സാധിച്ചു എന്ന ചാരിതാർത്ഥ്യമുണ്ട്.
ഒരു തുള്ളി രക്തം പോലും ഈമണ്ണിൽ ചൊരിയിക്കാതെ , ഒരു കെഎസ്ആർടിസി ബസിന്റെ ചില്ല് പോലും ഉടയാതെ, എങ്ങനെ പ്രതിപക്ഷ പ്രവർത്തനം നടത്താൻ കഴിയും എന്ന് തെളിയിച്ച കാലഘട്ടമാണ് കടന്നുപോയത്.
ഓഖിയും നിപ്പയും രണ്ടു പ്രളയങ്ങളും അതോടൊപ്പം തന്നെ മഹാമാരിയായി കോവിഡും ജനത്തെ ബാധിച്ചപ്പോൾ സർക്കാരിനൊപ്പം നിന്നു പ്രവർത്തിച്ചു. പക്ഷേ അവിടെയും ദുരന്തങ്ങളുടെ മറവിൽ സർക്കാർ നടത്തിയ കൊള്ളകൾ തുറന്നുകാണിക്കാൻ മുന്നോട്ട് വരേണ്ടി വന്നു. പ്രളയഫണ്ട് തട്ടിച്ചു സ്വന്തം പോക്കറ്റിലാക്കിയവർക്കെതിരെയുള്ള പോരാട്ടം ഇനിയും തുടരും.
ദുരന്തങ്ങളുടെ മുമ്പിൽ വിറങ്ങലിച്ചു നിന്ന ജനത അഴിമതികൾക്കും കൊള്ളക്കും രണ്ടാം പരിഗണന മാത്രമാണ് നൽകിയത്. എന്നാൽ അതിൻറെ അർത്ഥം ഇവർ നടത്തിയ എല്ലാ അഴിമതികളും ജനം മറന്നു എന്നല്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി സർക്കാരിനെ തുറന്നു കാണിച്ച മികച്ച പ്രതിപക്ഷമായി കഴിഞ്ഞ അഞ്ചുവർഷത്തെ പ്രതിപക്ഷ പ്രവർത്തനത്തെ ചരിത്രകാരന്മാർ വിലയിരുത്തുകയെന്നു പ്രത്യാശിക്കുന്നു.
തെരഞ്ഞെടുപ്പ് പരാജയത്തിന് പൂർണ ഉത്തരവാദിത്വം ഏറ്റെടുത്തു കൊണ്ടാണ് സ്ഥാനം ഒഴിയുന്നത്.
എൻറെ പ്രവർത്തനങ്ങൾ എത്രമാത്രം ശരിയായിരുന്നുവെന്ന് കാലം വിലയിരുത്തട്ടെ. ഇതോടൊപ്പം എത്രമാത്രം പിന്തുണ എൻറെ പ്രവർത്തനങ്ങളിൽ ലഭിച്ചിരുന്നു എന്നതും കാലം കണക്കെടുക്കട്ടെ.സംസ്ഥാന താൽപര്യത്തിനും ജനങ്ങൾക്കുവേണ്ടിയും നടത്തിയ പ്രവർത്തനങ്ങൾ എത്രമാത്രം ജനങ്ങളിലേക്ക് എത്തിക്കാൻ സാധിച്ചു എന്നത് പഠനാർഹമാവട്ടെ. നാടു ഉറങ്ങുമ്പോഴും ജനങ്ങൾക്കുവേണ്ടി ഉണർന്നിരുന്നു. കണ്ണും കാതും കൂർപ്പിച്ച് നടത്തിയ പ്രതിപക്ഷ പ്രവർത്തനം കേരളത്തിലെ ജനങ്ങൾക്ക് മറക്കില്ല എന്നാണ് വിശ്വാസം.ഏൽപ്പിച്ച ദൗത്യം പൂർണ്ണമായും ജനങ്ങൾക്കുവേണ്ടി നിർവഹിച്ചു എന്ന ചാരിതാർത്ഥ്യത്തോടെയാണ് ഇന്ന് രണ്ടാം നിരയിലേക്ക് ഞാൻ പിൻവാങ്ങുന്നത്.
ജയപരാജയങ്ങളുടെ കൂട്ടികിഴിക്കൽ അല്ല ഇവിടെ നടത്തുന്നത്. ധാർമികവും നൈതികവുമായ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ട്, ഒരു ജനതയ്ക്ക് വേണ്ടി പോരാടിയ പ്രതിപക്ഷ പ്രവർത്തനത്തെ ജനങ്ങൾ ശരിയായ അർത്ഥത്തിൽ വരുംകാലങ്ങളിൽ വിലയിരുത്തുമെന്ന് പ്രത്യാശയോടെ കൂടിയാണ് മുന്നോട്ടുപോകുന്നത്. പ്രതിപക്ഷ പ്രവർത്തനങ്ങളിൽ ഏറെ സഹായിച്ച യുഡിഎഫ് എംഎൽഎമാരോട് ഞാൻ നന്ദി പറയുന്നു. പ്രത്യേകമായി ഒരു ജ്യേഷ്ഠ സഹോദരനെ പോലെ സഭാതലത്തിൽ പരിപൂർണ പിന്തുണ നൽകിയ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സഹായങ്ങൾ പ്രത്യേകം ഓർക്കേണ്ടതാണ്. പികെ കുഞ്ഞാലിക്കുട്ടി എന്ന എന്നത്തേയും മികച്ച പാർലമെന്റെറിയൻ നൽകിയ പിന്തുണ അളവറ്റതായിരുന്നു. പ്രതിപക്ഷ ഉപനേതാവ് ഡോക്ടർ എം കെ മുനീർ പ്രത്യേകം ഓർമ്മിക്കേണ്ട പേരാണ്. ഊർജ്ജസ്വലതയോടെ ചടുലതയോടെ നർമ്മത്തിൽ കലർന്ന ആഴത്തിലുള്ള വിമർശനങ്ങളിലൂടെ സർക്കാരിനെ തെറ്റുകൾ ചൂണ്ടിക്കാട്ടാൻ സാധിച്ച, മഹാനായ സി എച്ച് മുഹമ്മദ് കോയയുടെ പുത്രന് ഞാൻ നന്ദി പറയട്ടെ. അനുഭവ പരിജ്ഞാനമേറെയുള്ള പിജെ ജോസഫിന്റെ പിന്തുണയും അനൂപ് ജേക്കബിന്റെ ആത്മാർത്ഥ നിറഞ്ഞ സഹകരണവും ഏറെ സഹായമായി.
കോൺഗ്രസ് പാർലമെന്ററി പാർട്ടിയുടെ ഉപനേതാവ് കെ സി ജോസഫിനെ എനിക്ക് മറക്കാൻ സാധിക്കില്ല.കഴിഞ്ഞ 38 വർഷക്കാലത്തെ പാർലമെന്ററി അനുഭവങ്ങൾ ഉള്ളംകൈയ്യിലെന്ന പോലെ സൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ അനുഭവജ്ഞാനം പ്രതിപക്ഷനേതാവ് എന്ന നിലയിൽ വളരെ പ്രയോജനമായിരുന്നു. സഭാ തലങ്ങളിൽ എടുക്കേണ്ട നിലപാടുകളിൽ രൂപം ഉണ്ടാക്കാൻ സഹായിച്ച വ്യക്തിയാണ് കെ സി ജോസഫ്. അദ്ദേഹത്തിൻറെ പ്രവർത്തനങ്ങളെ എന്നും ആദരവോടുകൂടി മാത്രമാണ് കോൺഗ്രസ് പാർട്ടി കാണുന്നത്. മാണി സാറിന്റെ പാണ്ഡിത്യം വലിയ മുതൽകൂട്ടായിരുന്നു. ജീവിതത്തിന്റെ അവസാന നിമിഷം വരെ പിന്തുണ നൽകിയിരുന്നു. ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രവർത്തനങ്ങളും, അടിയന്തര പ്രമേയങ്ങൾ, അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ,എന്നിവയെല്ലാം ശ്രദ്ധേയവും കരുത്തുള്ളയുമായിരുന്നു. പ്രതിപക്ഷത്തിന് മികവുറ്റ പ്രവർത്തനങ്ങൾക്ക് ഇവയെല്ലാം വളരെയേറെ സഹായിച്ചു.
പാർലമെന്ററി പാർട്ടി ഓഫീസിലെ സ്റ്റാഫ് അംഗങ്ങൾ, പ്രതിപക്ഷനേതാവിന്റെ ഓഫീസിലെ സ്റ്റാഫ് അംഗങ്ങൾ, മാധ്യമപ്രവർത്തകർ,
നിയമസഭാ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ അതുപോലെ തന്നെ മുഖ്യമന്ത്രിയും സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും മറ്റു മന്ത്രിമാരും അടങ്ങുന്ന ഭരണപക്ഷത്തെ പ്രമുഖർ എന്നിവർക്കും പ്രത്യേകമായി ഞാൻ നന്ദി രേഖപ്പെടുത്തുന്നു. ഇനി ഭാവിയിലും കേരളത്തിലെ കോൺഗ്രസിനേയും യുഡിഎഫിനെയും അധികാരത്തിൽ തിരിച്ചുകൊണ്ടുവരാനുള്ള എല്ലാ ഉദ്യമങ്ങളുടേയും മുമ്പിൽ ഞാനുണ്ടാകും. പ്രതിപക്ഷനേതാവ് വി ഡി സതീശനോടൊപ്പം ജനകീയ പ്രശ്നങ്ങൾ ഏറ്റെടുത്തു മുന്നോട്ടു പോകും. ഒരു സ്ഥാനവും ഇല്ലെങ്കിലും ജനകീയ പോരാട്ടങ്ങളുമായി ഞാൻ ഇവിടെ ഉണ്ടാവും. സ്ഥാനമാനങ്ങളെക്കാൾ വലുത് ജനങ്ങളുടെ സ്നേഹവും വാത്സല്യവുമാണ്. അത് ഇനിയും നിർലോഭം ലഭിക്കും എന്ന പ്രത്യാശയോടെ നിർത്തട്ടെ. നന്ദി.