ബെംഗളൂരു: കര്‍ണാടകയില്‍ മികച്ച കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ആദരിച്ച ശുചീകരണ തൊഴിലാളി ചികിത്സ കിട്ടാതെ മരിച്ചത് വിവാദമാകുന്നു. ബെംഗളൂരു കോര്‍പ്പറേഷനിലെ ജീവനക്കാരിയായിരുന്ന ശില്‍പ പ്രസാദാണ് മരിച്ചത്. ഇവര്‍ക്ക് ഏഴ് ആശുപത്രികള്‍ ചികിത്സ നിഷേധിച്ചെന്ന് കുടുംബം ആരോപിച്ചു. സ്വകാര്യ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതിനെതിരെ കര്‍ണാടകത്തില്‍ വ്യാപക പരാതിയാണ് ഉയരുന്നത്. ഇതോടെ സര്‍ക്കാര്‍ രോഗ പ്രതിരോധ രംഗത്ത് പൂര്‍ണ പരാജയമാണെന്ന ആരോപണം പ്രതിപക്ഷം ശക്തമാക്കി.
ലോക്ഡൗണ്‍ കാലത്തടക്കം നഗരത്തില്‍ രോഗപ്രതിരോധത്തിനായി മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചയാളായിരുന്നു രണ്ട് കുട്ടികളുടെ അമ്മകൂടിയായ ശില്‍പ. ബെംഗളൂരു നഗരത്തിലെ വിശ്വനാഥ നഗനഹള്ളിയിലാണ് ജോലിചെയ്തിരുന്നത്. മികച്ച പൗരകര്‍മികയായി തിരഞ്ഞെടുത്ത ശില്‍പയടക്കമുള്ളവരെ ഈയിടെ അധികൃതര്‍ ആദരിച്ചിരുന്നു. ബുധനാഴ്ചയാണ് ശില്‍പയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്. പിറ്റേന്ന് ശ്വാസതടസം അനുഭവപ്പെട്ടു തുടങ്ങി. തുടര്‍ന്ന് ശില്‍പയുടെ ഭര്‍ത്താവ് ചികിത്സയ്ക്കായി ഏഴ് ആശുപത്രികളെ സമീപിച്ചെങ്കിലും കിടക്കകള്‍ ഒഴിവില്ലെന്നാണ് മറുപടി ലഭിച്ചത്. സഹായത്തിനായി ബെംഗളൂരു കോര്‍പ്പറേഷനെയടക്കം സമീപിച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ഭര്‍ത്താവ് പ്രസാദ് പറഞ്ഞു. തുടര്‍ന്ന് ബി ആര്‍ അംബേദ്കര്‍ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും അവിടെയും വെന്റിലേറ്റര്‍ ഒഴിവുണ്ടായിരുന്നില്ല. ഒടുവില്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെ മരിച്ചു.
രോഗവ്യാപനം രൂക്ഷമായ ബെംഗളൂരുവില്‍ ആശുപത്രികള്‍ ചികിത്സ നിഷേധിക്കുന്നതിനെതിരെ നൂറുകണക്കിനാളുകളാണ് ദിവസവും പരാതിയുമായി രംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസം ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് കിട്ടാഞ്ഞതിനെതുടര്‍ന്ന് കൊവിഡ് രോഗി കുടുംബത്തോടൊപ്പം കിലോമീറ്ററുകള്‍ നടന്ന് മുഖ്യമന്ത്രിയുടെ വീടിന് മുന്നിലെത്തിയിരുന്നു. കൃത്യസമയത്ത് ചികിത്സ കിട്ടാതെ മരിച്ച ഒരുമാസം പ്രായമുള്ള കുഞ്ഞിന്റെ അച്ഛനായ വെങ്കിടേഷ് മുഖ്യമന്ത്രിയുടെ വീടിന് മുന്നിലിരുന്നാണ് സമരം ചെയ്തതത്. സ്വകാര്യ ആശുപത്രികള്‍ക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ടായിരുന്നുസമരം.
എന്നാല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ശില്‍പയുടെ നില ഗുരുതരമായിരുന്നുവെന്നും ചികിത്സ നിഷേധിച്ചെന്ന ആരോപണങ്ങള്‍ തെറ്റാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം സര്‍ക്കാറിനെതിരെ വിമര്‍ശനം കടുപ്പിക്കുകയാണ് പ്രതിപക്ഷം. രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ പരാജയമാണെന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതിലടക്കം വന്‍ അഴിമതിയാണ് നടക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.