അമേരിക്കയില്‍ കൊവിഡ് മരണനിരക്ക് കുതിച്ചുയരുന്നു,പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കും
<
വാഷിംഗ്ടണ്‍ ഡിസി: അമേരിക്കയില്‍ കോവിഡ് രോഗികളുടെ എണ്ണവും മരിക്കുന്നവരുടെ എണ്ണത്തിന്റെ നിരക്കും കുത്തനെ ഉയരുകതന്നെയാണ്. മരണനിരക്കിലുള്ള വര്‍ധനയെ തുടര്‍ന്ന് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന. അരിസോണയിലും നോര്‍ത്ത് കരോലിനയിലും ശനിയാഴ്ച ഒരു ദിവസത്തെ ഏറ്റവും കൂടുതല്‍ പുതിയ കേസുകളും മരണവും റിപ്പോര്‍ട്ട് ചെയ്തു.
അരിസോണയില്‍ 147 മരണങ്ങളുണ്ടായപ്പോള്‍ നോര്‍ത്ത് കരോലിനയില്‍ 150ലേറെ പുതിയ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2742ഉം 2386 ഉം രോഗികളാണ് ഇവിടങ്ങളില്‍ പുതുതായി രേഖപ്പെട്ടത്. ന്യൂയോര്‍ക്ക് ടൈംസിന്റെ കണക്കുകള്‍ പ്രകാരം വെള്ളിയാഴ്ച മാത്രം അമേരിക്കയില്‍ എഴുപതിനായിരത്തിലേറെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രണ്ടാം തവണയാണ് രോഗികളുടെ എണ്ണം എഴുപതിനായിരത്തിലേറെയാകുന്നത്. തൊട്ടുമുന്പുള്ള ദിവസം 75,600 പേര്‍ക്കാണ് രോഗബാധയുണ്ടായത്.
ശനിയാഴ്ച രോഗബാധിതരുടെ എണ്ണം 60,000 കവിഞ്ഞു. രോഗവ്യാപനത്തെ തുടര്‍ന്ന് 18 സംസ്ഥാനങ്ങളെ റെഡ് സോണില്‍ ഉള്‍പ്പെടുത്തി. പ്രതിദിനം നൂറിലേറെ രോഗികളും പ്രതിവാരം ഒരുലക്ഷത്തിലേറെ കേസുകളുമുണ്ടാകുന്ന ഇടങ്ങളാണ് റെഡ് സോണാകുന്നത്.
അലബാമ, അരിസോണ, അര്‍കന്‍സാസ്, കാലിഫോര്‍ണിയ, ഫ്‌ളോറിഡ, ജോര്‍ജിയ, ഇദാഹോ, ലോവ, കന്‍സാസ്, ലുസിയാന, മിസിസിപ്പി, നവാദ, നോര്‍ത്ത് കരോലിന, ഒക്ലഹോമ, സൗത്ത് കരോലിന, ടെന്നിസി, ടെക്‌സാസ്, തുടങ്ങിയ സംസ്ഥാനങ്ങളാണ് റെഡ്‌സോണുകള്‍ ആക്കിയിരിക്കുന്നത്.