കൊച്ചി: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സി കാറ്റഗറി നിയന്ത്രണങ്ങളുള്ള ജില്ലകളില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. എ സി ഹാളുകളില്‍ രണ്ടുമണിക്കൂര്‍ ഇരിക്കുന്നത് കോവിഡ് വ്യാപനം കൂട്ടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. തിയേറ്റര്‍ അടച്ചിടുന്നതിനെതിരെയുള്ള ഹര്‍ജിയിലാണ് സര്‍ക്കാരിന്റെ മറുപടി. നിലവിലെ സാഹചര്യത്തില്‍ സി കാറ്റഗറി ജില്ലകളില്‍ തിയേറ്ററുകള്‍ തുറക്കുന്നത് പ്രായോഗികമല്ല. നിയന്ത്രണങ്ങളില്‍ തിയേറ്ററുകളോട് വിവേചനം കാട്ടിയിട്ടില്ല. മാളുകളിലും നിയന്ത്രണങ്ങളുണ്ട്.
ജിമ്മുകളിലും നീന്തല്‍ക്കുളങ്ങളിലും രോഗം പടരാനുള്ള സാധ്യതയേറെയാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.സിനിമാസംഘടനയായ ഫിയോക്, തിരുവനന്തപുരം സ്വദേശിയായ തിയേറ്റര്‍ ഉടമ നിര്‍മ്മല്‍ എന്നിവരാണ് ഹര്‍ജി സമര്‍പ്പിച്ചത്. ക്ലബ്ബുകള്‍ ജിംനേഷ്യങ്ങള്‍, പാര്‍ക്കുകള്‍ എന്നിവക്ക് പ്രവര്‍ത്തനാനുമതി നല്കിയ പശ്ചാത്തലത്തില്‍ തിയേറ്ററുകള്‍ക്കും ഇളവ് അനുവദിക്കണമെന്നാണ് ആവശ്യം. തീരുമാനം വിവേചനപരമാണെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.
കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സി കാറ്റഗറി ജില്ലകളിലെ തിയേറ്ററുകള്‍ പൂട്ടിയിടുന്നതിനെതിരെ ആരോഗ്യമന്ത്രിക്ക് ഫെഫ്ക കഴിഞ്ഞദിവസം കത്തയച്ചിരുന്നു. ജിമ്മുകള്‍ക്കും നീന്തല്‍ക്കുളങ്ങള്‍ക്കും ഇല്ലാത്ത കോവിഡ് വ്യാപനശേഷി തിയേറ്ററുകള്‍ക്കുണ്ടെന്ന വിദഗ്ധസമിതി കണ്ടെത്തലിന്റെ ശാസ്ത്രീയമായ അടിത്തറ എന്താണെന്ന് കത്തില്‍ ചോദിക്കുന്നു. അമ്പത് ശതമാനം സീറ്റുകള്‍ സിറ്റുകള്‍ മാത്രമാണ് ഇപ്പോള്‍ തിയറ്ററുകളില്‍ പ്രേക്ഷകര്‍ക്കായി മാറ്റിവെച്ചിട്ടുള്ളത്.
പ്രവേശനം ഒരു ഡോസെങ്കിലും വാക്സിനെടുത്തവര്‍ക്കായി പരിമിതപ്പെടുത്തിയിരിക്കുന്നു. മുഖങ്ങള്‍ സ്ക്രീനിന്റെ ദിശയിലേക്ക് മാത്രം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു. ഭക്ഷണ പാനിയങ്ങള്‍ ഓഡിറ്റോറിയത്തിനുള്ളില്‍ വിതരണം ചെയ്യപ്പെടുന്നില്ല. ഇതെല്ലാം തിയേറ്ററുകളെ റെസ്റ്ററന്റുകളില്‍ നിന്നും, ബാറുകളില്‍ നിന്നും, സ്പാ, സലൂണുകളില്‍ നിന്നും സുരക്ഷിതമായ ഇടമാക്കി മാറ്റുന്നുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.