മൊബൈല്‍ ഫോണിന്റെയും വജ്രത്തിന്റെയും രത്നങ്ങളുടെയും വില കുറയും; കുടയ്ക്ക് വില കൂടും
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍, വജ്രം, രത്നങ്ങള്‍, ഇമിറ്റേഷന്‍ ആഭരണങ്ങള്‍ എന്നിവയുടെ വില കുറയുമെന്ന് കേന്ദ്ര ബജറ്റ്. മുറിച്ചതും തിളക്കം കൂട്ടിയതുമായ ഡയമണ്ടുകളുടെയും രത്നങ്ങളുടെയും കസ്റ്റംസ് നികുതി അഞ്ചുശതമാനമായി കുറയ്ക്കാനാണ് ബജറ്റില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കുടകള്‍, ഇറക്കുമതി ചെയ്യുന്ന നിര്‍മ്മാണ വസ്തുക്കള്‍ എന്നിവയുടെ വില വര്‍ധിക്കുമെന്നും ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.
വെര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളുടെ കൈമാറ്റം വഴി ലഭിക്കുന്ന വരുമാനത്തിന് 30 ശതമാനം നികുതി ഏര്‍പ്പെടുത്താന്‍ ബജറ്റ് നിര്‍ദേശം. വെര്‍ച്വല്‍ കറന്‍സ് അടക്കമുള്ള ആസ്തികളുടെ കൈമാറ്റത്തിന് ഒരു ശതമാനം ടിഡിഎസ് ചുമത്തും. സഹകരണ സംഘങ്ങള്‍ക്ക് ആശ്വാസം നല്‍കി സര്‍ചാര്‍ജ് കുറച്ചു. 12 ശതമാനത്തില്‍ നിന്ന് ഏഴു ശതമാക്കി കുറയ്ക്കുമെന്ന് ധനമന്ത്രി അറിയിച്ചു.ആദായനികുതി റിട്ടേണിലെ പിശകുകള്‍ തിരുത്താന്‍ നികുതിദായകര്‍ക്ക് അവസരം നല്‍കും. പരിഷ്‌കരിച്ച റിട്ടേണ്‍ രണ്ടുവര്‍ഷത്തിനുള്ളില്‍ സമര്‍പ്പിച്ചാല്‍ മതി. മറച്ചുവച്ച വരുമാനം വെളിപ്പെടുത്താനും ഇതുവഴി സാധിക്കും. അസസ്മെന്റ് വര്‍ഷത്തെ അടിസ്ഥാനമാക്കി വേണം പരിഷ്‌കരിച്ച റിട്ടേണ്‍ സമര്‍പ്പിക്കേണ്ടതെന്നും ധനമന്ത്രി വ്യക്തമാക്കി.
വരുന്ന സാമ്പത്തിക വര്‍ഷം ഡിജിറ്റല്‍ രൂപ അവതരിപ്പിക്കും. ബ്ലോക്ക് ചെയിന്‍, മറ്റു സാങ്കേതികവിദ്യകള്‍ എന്നിവ ഉപയോഗിച്ചാണ് ഡിജിറ്റല്‍ രൂപ അവതരിപ്പിക്കുക. റിസര്‍വ് ബാങ്കിനാണ് ഇതിന്റെ ചുമതല. ഡിജിറ്റല്‍ രൂപ സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തുപകരുമെന്നും ധനമന്ത്രി വ്യക്തമാക്കി.പ്രത്യേക സാമ്പത്തിക മേഖല നിയമത്തില്‍ മാറ്റം വരുത്തും. ഫൈവ് ജി ഇന്റര്‍നെറ്റ് സേവനം ഈ വര്‍ഷം ആരംഭിക്കും. ഇതിനായി സ്പെക്ട്രം ലേലം നടത്തുമെന്നും ധനമന്ത്രി അറിയിച്ചു.ഭൂപരിഷ്‌കരണം സാധ്യമാക്കാന്‍ ഒരു രാജ്യം ഒരു രജിസ്ട്രേഷന്‍ നടപ്പാക്കും.
ഇലക്ട്രിക് വാഹനങ്ങള്‍ക്കായി സ്പെഷ്യല്‍ മൊബിലിറ്റി സോണുകള്‍ ആരംഭിക്കും. ഇ പാസ്പോര്‍ട്ട് പദ്ധതിക്ക് ഈ വര്‍ഷം തന്നെ തുടക്കമിടുമെന്നും അവര്‍ അറിയിച്ചു. ചിപ്പുകള്‍ ഘടിപ്പിച്ച ഇ പാസ്പോര്‍ട്ടുകളാണ് ലഭ്യമാക്കുക.പിഎം ഇ-വിദ്യയുടെ ഭാഗമായ വണ്‍ ക്ലാസ് വണ്‍ ടിവി ചാനല്‍ പരിപാടി വിപുലീകരിക്കും. നിലവില്‍ പന്ത്രണ്ട് ചാനലുകളാണ് ലഭിക്കുന്നത്. ഇത് 200 ചാനലുകളായി ഉയര്‍ത്തും. ഒന്നുമുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് പ്രയോജനം ചെയ്യുന്നതാണ് പരിപാടി.
പ്രാദേശിക ഭാഷയില്‍ കൂടിയും സംസ്ഥാനങ്ങള്‍ക്ക് കുട്ടികളുടെ വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കുമെന്നും ധനമന്ത്രി അറിയിച്ചു.അടുത്ത 25 വര്‍ഷത്തേയ്ക്കുള്ള വികസന രേഖയ്ക്ക് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി. സ്വാതന്ത്ര്യം നേടി നൂറ് വര്‍ഷമാകുമ്പോഴുള്ള ഇന്ത്യയുടെ വളര്‍ച്ച മുന്നില്‍ കണ്ടുള്ളതാണ് ഈ വികസനരേഖ എന്ന് ബജറ്റ് അവതരണ വേളയില്‍ നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.പിഎം ഗതിശക്തി, ഉല്‍പ്പാദനം വര്‍ധിപ്പിക്കല്‍, നിക്ഷേപം, എല്ലാവര്‍ക്കും വികസനം എന്നി മേഖലകള്‍ക്ക് കൂടുതല്‍ മുന്‍ഗണന നല്‍കുന്നതാണ് ബജറ്റെന്ന് ധനമന്ത്രി വ്യക്തമാക്കി.
ഗതിശക്തി പദ്ധതിക്ക് സമഗ്രപ്ലാന്‍ രൂപീകരിക്കും. റോഡ്, റെയില്‍വേ, എയര്‍പോര്‍ട്ട്, തുറമുഖങ്ങള്‍, തുടങ്ങിയ ഏഴു മേഖലകളില്‍ ദ്രുതവികസനം സാധ്യമാക്കും.2022-23ല്‍ 25000 കിലോമീറ്റര്‍ എക്സ്പ്രസ് വേ നിര്‍മിക്കും. 100 മള്‍ട്ടി മോഡല്‍ കാര്‍ഗോ ടെര്‍മിനലുകള്‍ സ്ഥാപിക്കും. മലയോര റോഡ് വികസനം വേഗത്തിലാക്കാന്‍ പര്‍വത് മാല പദ്ധതിക്ക് തുടങ്ങമിടുമെന്നും ധനമന്ത്രി അറിയിച്ചു. മൂന്ന് വര്‍ഷത്തിനുള്ളില്‍ 400 പുതിയ വന്ദേഭാരത് ട്രെയിനുകള്‍ ഓടി തുടങ്ങുമെന്നും ധനമന്ത്രി അറിയിച്ചു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മെച്ചപ്പെട്ടു വരുന്നു. കോവിഡ് സമ്പദ് വ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിച്ചുവെങ്കിലും വിപുലമായ നിലയില്‍ നടത്തിയ വാക്സിനേഷന്‍ ഗുണം ചെയ്തതായി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.കോവിഡ് പ്രതിസന്ധി പരാമര്‍ശിച്ചായിരുന്നു ധനമന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.