തിരുവനന്തപുരം:കൊവിഡ് വാക്സീനേഷനിൽ വലിയ പുരോഗതിയുണ്ടായ സാഹചര്യത്തിൽ നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വരുത്തി സംസ്ഥാന സർക്കാർ. പ്രതിവാര കൊവിഡ് വ്യാപന നിരക്ക് എട്ട് ശതമാനത്തിന് മുകളിലുള്ള പ്രദേശങ്ങളിൽ മാത്രമേ ഇനി കർശനമായ കൊവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തൂ. ഇതുവരെ ഇത് ഏഴ് ശതമാനമായിരുന്നു.
ക്വാറന്റൈൻ ലംഘിക്കുന്നവരെ നിർബന്ധിത ക്വാറന്റൈനിൽ അയക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നും രോഗികളുള്ള വീടുകളിൽ നിന്നുള്ളവർ ക്വാറന്റൈൻ ലംഘിക്കുന്നത് കർശനമായി തടയുമെന്നും വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കൊവിഡ് വ്യാപനം കുറയുന്നില്ലെങ്കിലും രോഗബാധിതരായി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടേയും മരണപ്പെടുന്നവരുടേയും എണ്ണത്തിൽ കാര്യമായ കുറവുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് വ്യാപനത്തെ ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് കേരളം എത്തുകയാണ്. ഈ സാഹചര്യത്തിൽ സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിയതായും മുഖ്യമന്ത്രി അറിയിച്ചു.
മുഖ്യമന്ത്രിയുടെ വാക്കുകൾ –
വാക്സീനേഷൻ 80 ശതമാനത്തോട് അടുക്കുകയാണ്. 78 ശതമാനം പേർക്ക് ഒന്നാം ഡോസും 30 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ഏഴ് ലക്ഷം വാക്സീൻ കൈയ്യിലുള്ളത് നാളെയോടെ കൊടുത്തുതീർക്കും. 45 വയസിന് മേലെ പ്രായമുള്ള 93 ശതമാനം പേർക്ക് ഒരു ഡോസും 50 ശതമാനം പേർക്ക് രണ്ട് ഡോസും നൽകി. ആർടിപിസിആർ വർധിപ്പിക്കാനാണ് നേരത്തെ തീരുമാനിച്ചത്. സംസ്ഥാനത്ത് ആദ്യ ഡോസ് വാക്സീൻ 80 ശതമാനം പൂർത്തിയാവുകയാണ്. ആർടിപിസിആർ വ്യാപകമായി നടത്തും. ചികിത്സ വേണ്ട ഘട്ടത്തിൽ ആന്റിജൻ നടത്തും.
സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള ആലോചന നടക്കുന്നുണ്ട്. അറിവും അനുഭവ സമ്പത്തുമുള്ള വിദഗ്ദ്ധരുമായി ചർച്ച നടക്കുന്നുണ്ട്. വ്യവസായ – വ്യാപാര മേഖലയുടെ പുനരുജ്ജീവനവും അടിയന്തിരമായി നടപ്പിലാക്കും. അതിനാവശ്യമായ ഇടപെടലുണ്ടാകും. കോളേജ് വിദ്യാർത്ഥികൾക്ക് കൊവിഡ് വാക്സീനേഷന് സൗകര്യമൊരുക്കും. കോളേജിലെത്തും മുൻപ് വിദ്യാർത്ഥികൾ ഒരു ഡോസ് വാക്സീനെങ്കിലും എടുക്കണം. രണ്ടാമത്തെ ഡോസ് എടുക്കാൻ കാലാവധി ആയവർ അതും എടുക്കണം. വിദ്യാർത്ഥികൾ വാക്സീന് ആശാവർക്കറെ ബന്ധപ്പെടണം. മറ്റ് സംസ്ഥാനങ്ങൾ വിദ്യാർത്ഥികൾക്ക് രണ്ട് ഡോസ് വാക്സീൻ നിർബന്ധമാക്കി. അത് കേരളത്തിൽ നിന്ന് മറ്റ് സംസ്ഥാനങ്ങളിൽ പോയി പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രയാസമാണ്. അവരുടെ രണ്ട് ഡോസ് വാക്സീൻ അടിയന്തിരമായി പൂർത്തിയാക്കും.
സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സീനെടുക്കാത്ത വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും കണക്കെടുത്ത് ആരോഗ്യവകുപ്പിന് നൽകും. അത് അടിസ്ഥാനമാക്കി വാക്സീനേഷൻ ക്യാംപ് നടത്തും. ആരും വാക്സീനെടുക്കാതെ മാറിനടക്കരുത്. കൊവിഡ് ഭീഷണികളെ അവഗണിക്കാനാവില്ല. മുൻകരുതൽ പാലിച്ച് സുരക്ഷാ കവചം തകരാതെ മുന്നോട്ട് പോകാനാവണം. എന്നാലേ ഈ പ്രതിസന്ധി വിജയകരമായി മറികടക്കാനാവൂ.